Attack | കാസർകോട് സ്വദേശിയെ ആയുധം കൊണ്ട് അക്രമിച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ബജ്റംഗ്ദൾ കോർഡിനേറ്റർ ഉള്ളാളിൽ അറസ്റ്റിൽ
● ഖലീലും സഹോദരൻ ആസിഫും ചേർന്ന് ശരതിനെ മർദിച്ചുവെന്ന പരാതിയിൽ ഉള്ളാൾ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
● ആസിഫ് അർജുനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തുവെന്നായിരുന്നു അർജുന്റെ പരാതി.
● പൊലീസ് നടത്തിയ അന്വേഷണത്തിൽ അന്നപ്പ സ്വാമി എന്ന മനു (24), കെ സച്ചിൻ (24), കുശിത് (18) എന്നിവരെയും പ്രായപൂർത്തിയാകാത്ത ഒരാളെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മംഗ്‌ളുറു: (KasargodVartha) കാസർകോട് സ്വദേശിയെ ആയുധം കൊണ്ട് അക്രമിച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ബജ്റംഗ്ദൾ കോർഡിനേറ്റർ അർജുൻ മഡൂരിനെ (32) ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസങ്കടി കടമ്പാർ സ്വദേശിയായ ആസിഫിനെ അക്രമിച്ചുവെന്നാണ് കേസ്. നേരത്തെ അർജുനെ അക്രമിച്ചുവെന്ന കേസിൽ ആസിഫ് അറസ്റ്റിലായിരുന്നു. ഈ കേസിൽ ആസിഫ് ജാമ്യത്തിൽ ജയിലിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെയായിരുന്നു പുതിയ സംഭവം അരങ്ങേറിയത്.
തൊക്കോട്ട് മേൽപാലത്തിൽ ഇക്കഴിഞ്ഞ ഒക്ടോബർ 16ന് രാത്രി കർണാടക സ്വദേശി ശരതും കാസർകോട്ടെ ഇബ്രാഹിം ഖലീലും സഞ്ചരിച്ചിരുന്ന കാറുകൾ കൂട്ടിയിടിച്ചതാണ് തർക്കങ്ങളുടെ തുടക്കം. ഖലീലും സഹോദരൻ ആസിഫും ചേർന്ന് ശരതിനെ മർദിച്ചുവെന്ന പരാതിയിൽ ഉള്ളാൾ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ ശരതിൻ്റെ സുഹൃത്തായ അർജുൻ മഡൂർ സ്റ്റേഷനിലെത്തിയിരുന്നു.
ഇതിനിടെ ആസിഫ് അർജുനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തുവെന്നായിരുന്നു അർജുന്റെ പരാതി. അർജുനെ ആക്രമിച്ചുവെന്ന് കാട്ടി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ ഉള്ളാൾ പൊലീസ് സ്റ്റേഷന് മുന്നിൽ അർധരാത്രി പ്രതിഷേധം നടത്തിയതിന് പിന്നാലെ പൊലീസ് കേസെടുത്ത് ഉടൻ തന്നെ ആസിഫിനെ അറസ്റ്റ് ചെയ്തിരുന്നു.
ജാമ്യത്തിൽ പുറത്തിറങ്ങിയ ആസിഫ് നവംബർ എട്ടിന് ഹൊസങ്കടിയിലേക്ക് മടങ്ങുമ്പോൾ, വാളുകളുമായി അജ്ഞാതരായ അക്രമികൾ കെ സി റോഡിനും ഉച്ചിലക്കും ഇടയിൽ തടഞ്ഞ് വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. പൊലീസ് നടത്തിയ അന്വേഷണത്തിൽ അന്നപ്പ സ്വാമി എന്ന മനു (24), കെ സച്ചിൻ (24), കുശിത് (18) എന്നിവരെയും പ്രായപൂർത്തിയാകാത്ത ഒരാളെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് കുശിതിനെ ജാമ്യത്തിൽ വിട്ടു. ഇതിന് പിന്നാലെയാണ് അർജുൻ മഡൂർ അറസ്റ്റിലായത്. പ്രതികൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
#BajrangDal, #AttemptedMurder, #Kasaragod, #PoliceArrest, #Violence, #KeralaNews