Verdict | ഗഫൂർ ഹാജിയുടെ മരണം: നാലാം പ്രതിക്ക് ജാമ്യം; മന്ത്രവാദിനി ഉള്‍പ്പെടെ മൂന്ന് പേരുടെ ജാമ്യപേക്ഷ തള്ളി

● കാസർകോട് സെഷൻസ് കോടതി ജാമ്യം അനുവദിച്ചത് ആഇശയ്ക്ക്
● കേസ് അന്വേഷിക്കുന്നത് പ്രത്യേക അന്വേഷണ സംഘം
● രണ്ട് പ്രതികൾ വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നു
കാസര്‍കോട്: (KasargodVartha) പള്ളിക്കര, പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം സി അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാലാം പ്രതിക്ക് കാസർകോട് ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആഇശ (42) യ്ക്കാണ് കോടതി ശനിയാഴ്ച രാവിലെ ജാമ്യം അനുവദിച്ചത്.
മന്ത്രവാദിനി എന്നറിയപ്പെടുന്ന യുവതിയും സംഘവും തട്ടിയെടുത്ത സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാന്‍ കൂട്ട് നിന്നുവെന്ന കുറ്റത്തിനാണ് ആഇശ കേസിൽ പ്രതിയായത്. കേസിലെ ഒന്നുമുതൽ മൂന്ന് വരെ പ്രതികളായ പി എം ഉവൈസ് (32), ഭാര്യ ശമീന (34), ദമ്പതികളുടെ സുഹൃത്തായ പി എം അസ്‌നീഫ (36) എന്നിവരുടെ ജാമ്യാപേക്ഷ പ്രത്യേക അന്വേഷണ സംഘം ശക്തമായി എതിർത്തതിനാൽ കോടതി തള്ളി.
2023 ഏപ്രില്‍ 14ന് രാത്രിയാണ് അബ്ദുല്‍ ഗഫൂര്‍ ഹാജിയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷത്തോളം പിന്നിടുമ്പോഴാണ് മരണം കൊലപാതകമെന്ന് വെളിപ്പെടുത്തി അന്വേഷണ സംഘം നാല് പേരെയും അറസ്റ്റ് ചെയ്തത്. വീട്ടിൽ നിന്നും 596 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് കൊല നടത്തിയതെന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്.
ഡിസിആര്‍ബി ഡിവൈ എസ് പി കെ ജെ ജോണ്‍സന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. കേസില്‍ ചില യുവാക്കളുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവരിൽ രണ്ടുപേർ പിന്നീട് വിദേശത്തേക്ക് കടന്നതായി പറയുന്നു. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് നടത്തി വരുന്നുണ്ട്.
A fourth accused in the Gafoor Haji murder case has been granted bail by the Kasargod District Sessions Court. The bail plea of three others, including a sorceress, was rejected due to strong opposition from the police.
#CrimeNews #Kasargod #GafoorHajiMurder #KeralaNews #CourtVerdict #Investigation