Court Case | നീലേശ്വരം വെടിപ്പുര അപകടം: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അപീലില്‍ വ്യാഴാഴ്ച വാദം കേൾക്കും
● ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, സെക്രടറി എന്നിവരടക്കം പ്രതികൾ.
● ഹൊസ്ദുര്‍ഗ് കോടതി അനുവദിച്ചിരുന്നു
● ജില്ലാ പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയിലാണ് വാദം ആരംഭിക്കുന്നത്
കാസര്‍കോട്: (KasargodVartha) നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്ര ഉല്‍സവത്തിനിടെയുണ്ടായ അപകടവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്ക് നല്‍കിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ അപീലില്‍ ജില്ലാ പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയില്‍ വ്യാഴാഴ്ച വാദം ആരംഭിക്കും. കേസിലെ ഒന്നും രണ്ടും പ്രതികളായ ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് പി കെ ചന്ദ്രശേഖരന്‍, കെ ടി ഭരതന്‍, ഏഴാംപ്രതി പി രാജേഷ് എന്നിവര്‍ക്ക് ഹൊസ്ദുര്‍ഗ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാണ് അപീലിലെ ആവശ്യം.
ഇവരില്‍ ചന്ദ്രശേഖരനും ഭരതനും ജാമ്യത്തിലിറങ്ങിയെങ്കിലും ജാമ്യമെടുക്കാന്‍ ആരും എത്താതിരുന്നതിനാല്‍ രാജേഷ് റിമാൻഡിൽ കഴിയുകയാണ്. ഇതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത്ത്, ഹൊസ്ദുര്‍ഗ് കോടതി നല്‍കിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയില്‍ അപീല്‍ നല്‍കിയത്.
വാദത്തിന് ഹാജരാകാന്‍ നിര്‍ദേശിച്ച് പൊലീസ് ചന്ദ്രശേഖരനും ഭരതനും കത്ത് നല്‍കിയിരുന്നു. ജാമ്യം റദ്ദാക്കാതിരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ ഹാജരായി ബോധിപ്പിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജയിലില്‍ കഴിയുന്ന പി രാജേഷിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ജയിലധികൃതരും കത്ത് നല്‍കിയിരുന്നു. ആശുപത്രി വിട്ട് വീട്ടിലേക്കെത്തിയ ആളുകളുടെ മൊഴി നിര്‍ണായകമാണ്. ഇവരുടെ മൊഴി പരമാവധി ശേഖരിക്കാനാണ് പൊലീസിന്റെയും എഡിഎമിന്റെയും തീരുമാനം. കലക്ടറുടെ നിര്‍ദേശപ്രകാരമുള്ള എഡിഎമിന്റെ അന്വേഷണ റിപോർട് ഈ ആഴ്ച അവസാനം സമര്‍പ്പിക്കും.
#NeleswaramAccident #KeralaNews #JusticeForVictims #BailCancellation #TempleBlast #IndiaNews