പണം വെച്ച് കോഴിപ്പോര്; 7 പേർക്കെതിരെ പോലീസ് കേസെടുത്തു, 5 പേർ ഓടിരക്ഷപ്പെട്ടു; 7 കോഴികളും 3,800 രൂപയും പിടിച്ചെടുത്തു
● കേരള ചൂതാട്ട നിരോധന നിയമപ്രകാരവും മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമപ്രകാരവുമാണ് കേസ്
● പിടിയിലായവർക്ക് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം പൊലീസ് നോട്ടീസ് നൽകി
● ബദിയടുക്ക എസ്ഐ ടി സുനിൽ കുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്
ബദിയടുക്ക: (KasargodVartha) അമിതാദായം ലക്ഷ്യമിട്ട് പണംവെച്ച് കോഴിപ്പോര് നടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് ഏഴുപേർക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. ബേള ബിർമിനടുക്ക പടിയടുക്കയിലാണ് സംഭവം നടന്നത്.
പോലീസിനെ കണ്ട് അഞ്ചുപേർ ഓടിപ്പോയി
2026 ഒക്ടോബർ 7 ബുധനാഴ്ച വൈകിട്ട് പോലീസ് പട്രോളിങ് നടത്തുന്നതിനിടെ ബിർമിനടുക്ക പടിയടുക്കയിൽ പണംവെച്ച് കോഴിപ്പോര് നടക്കുന്നതായി വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് രാത്രി ഏഴോടെ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ ആളുകൾ കോഴിപ്പോര് നടത്തുന്നതായി കണ്ടെത്തിയെന്നാണ് പോലീസ് റിപ്പോർട്ട്. എന്നാൽ പോലീസിനെ കണ്ടതോടെ സംഘത്തിലുണ്ടായിരുന്ന അഞ്ചുപേർ സ്ഥലത്തുനിന്ന് ഓടിപ്പോയി.
ഏഴുപേർ പിടിയിൽ
സ്ഥലത്ത് വെച്ച് പിടിയിലായ ഏഴുപേരെ ചോദ്യം ചെയ്തപ്പോൾ പണംവെച്ച് കോഴിപ്പോര് നടത്തുകയായിരുന്നുവെന്ന് വ്യക്തമായതായി പോലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നു.
ജയരാം (36), എം പദ്മനാഭ (45), എൻ നാരായണ (45), ശശി (65), പ്രജ്വൽ (25), കെ പ്രമോദ് (41), ചന്ദ്ര (45) എന്നിവർക്കെതിരെയാണ് കേസെടുത്തത്. ബംബ്രാണ, ആദൂർ, നീർച്ചാൽ, പള്ളിക്കര, പെർദള, പെരുമ്പള, കുമ്പള എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ചൂതാട്ടത്തിനായി ഇവിടെയെത്തിയിരുന്നത്.
കേസ് വിവരങ്ങൾ
കേരള ചൂതാട്ട നിരോധന നിയമത്തിലെ 15-ാം വകുപ്പും മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ 11(1) വകുപ്പും പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പിടിയിലായവർക്കെതിരെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 35(3) വകുപ്പ് പ്രകാരം പോലീസ് നോട്ടീസ് നൽകി. തുടർന്ന് സാക്ഷികളുടെ സാന്നിധ്യത്തിൽ നടപടികൾ പൂർത്തിയാക്കി ഏഴ് കോഴികളെയും 3,800 രൂപയും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബദിയടുക്ക പോലീസ് സബ് ഇൻസ്പെക്ടർ ടി സുനിൽ കുമാറിന്‍റെ നേതൃത്വത്തിലാണ് കേസിൻ്റെ തുടർ അന്വേഷണം നടക്കുന്നത്.
കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Badiyadka police registered a case against seven individuals and seized seven roosters along with Rs 3,800 after raiding an illegal cockfighting event at Bela.
#BadiyadkaNews #KasaragodPolice #CrimeNewsKerala #CockfightingRaid #MalayalamNews #AnimalCrueltyAct #KeralaPolice #RenuNews






