കവുങ്ങ് പാലത്തിൽ നിന്നും പുഴയിൽ വീണയാൾ മരിച്ചു: മൃതദേഹം കണ്ടെത്തി
● കാസർകോട് ഫയർഫോഴ്സ് തിരച്ചിൽ നടത്തി.
● വ്യാഴാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
● കായിമല പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
● മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
ബദിയഡുക്ക: (KasargodVartha) കവുങ്ങു കൊണ്ട് നിർമ്മിച്ച താൽക്കാലിക പാലത്തിൽ നിന്നും കാൽതെറ്റി പുഴയിൽ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കുംബഡാജെ, ബാലേഗഡേയിലെ നാരായണന്റെ (48) മൃതദേഹമാണ് വ്യാഴാഴ്ച ഉച്ചയോടെ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെയാണ് നാരായണനെ കാണാതായത്. സഹോദരന്‍ ഉദയകുമാർ നൽകിയ പരാതിയിൽ ബദിയഡുക്ക പോലീസ് മാൻ മിസ്സിംഗിന് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. തിങ്കളാഴ്ച രാവിലെ 8.30-ന് വീട്ടിൽ നിന്നു പോയതായിരുന്നുവെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. അന്നു രാത്രി ബെള്ളൂർ, കായമല എന്ന സ്ഥലത്തുവെച്ച് സുഹൃത്ത് കണ്ടിരുന്നതായും പരാതിയിൽ സൂചിപ്പിച്ചിരുന്നു.
കവുങ്ങു കൊണ്ട് നിർമ്മിച്ച പാലം കടന്നുപോകുന്നതിനിടെ പുഴയിൽ വീണതായാണ് പോലീസ് സംശയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കാസർകോട് ഫയർഫോഴ്സ് തിരച്ചിൽ നടത്തുന്നതിനിടെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മൃതദേഹം കണ്ടെത്തിയത്.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.എം. സതീശന്റെ നേതൃത്വത്തിൽ കാസർകോട് നിന്നും എത്തിയ അഗ്നിരക്ഷാസേന കായിമല പുഴയിൽ നിന്നും മൃതദേഹം കണ്ടെടുത്ത ശേഷം പോലീസിന് കൈമാറി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രാജേഷ് പാവൂർ, മുഹമ്മദ് സിറാജ്ജുദീൻ, ഹോം ഗാർഡ് വിജിത് എന്നിവർ ഫയർഫോഴ്സ് സംഘത്തിൽ ഉണ്ടായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Missing man's body found in river after falling from temporary bridge.
#Badiyadka #Kasargod #MissingPerson #RiverAccident #TemporaryBridge #KeralaNews






