Criticism | 'താക്കോൽ എസ്ഐ ഊരിയെടുത്ത് പോയി, അത് കിട്ടിയാലല്ലേ വണ്ടി മാറ്റാൻ കഴിയൂ', സംഭവ സ്ഥലത്ത് നിന്ന് അബ്ദുൽ സത്താർ ദയനീയമായി പറയുന്ന വീഡിയോ പുറത്ത്
● എസ്ഐയുടെ നടപടി മൂലമാണ് ഡ്രൈവർ മരിച്ചതെന്ന് ആരോപണം
● സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചു
● എസ്ഐയെ ചന്തേരയിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്
കാസർകോട്: (KasargodVartha) ജില്ലാ പൊലീസിന് തന്നെ നാണക്കേട് ഉണ്ടാക്കിയ ഓടോറിക്ഷ ഡ്രൈവറുടെ മരണത്തിനെ കുറിച്ചുള്ള അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ടി ഉത്തംദാസിന് കൈമാറി. അതോടൊപ്പം തന്നെ ഇക്കാര്യത്തിൽ പൊലീസിന് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന കാര്യം കാസർകോട് എഎസ്‌പി പി ബാലകൃഷ്ണൻ നായരും അന്വേഷിക്കും. ജില്ലാ പൊലീസ് മേധാവി ഡി ശിൽപയാണ് അന്വേഷണം പ്രഖ്യാപിച്ചത്.
കാസർകോട് ടൗൺ പൊലീസ് ഗതാഗത സ്തംഭനത്തിന്റെ പേരിൽ പിടിച്ചെടുത്ത ഓടോറിക്ഷ വിട്ടുകൊടുക്കാത്തതിന്റെ മനോവിഷമത്തിൽ കഴിയുകയായിരുന്ന ഓടോറിക്ഷ ഡ്രൈവർ കാസർകോട് റെയിൽവേ സ്റ്റേഷൻ റോഡിലെ വാടക ക്വാർടേഴ്സിൽ താമസിക്കുന്ന അബ്ദുൽ സത്താറിനെ തിങ്കളാഴ്ച വൈകീട്ടാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഓടോറിക്ഷ വിട്ടുകൊടുക്കാതെ ഡ്രൈവറെ മരണത്തിലേക്ക് തള്ളിവിട്ടുവെന്ന ആരോപണത്തെ തുടർന്ന് കാസർകോട് ടൗൺ എസ്ഐ പി അനൂബിനെ അടിയന്തരമായി ചന്തേരയിലേക്ക് സ്ഥലം മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഉടൻ പുറത്തുവരുമെന്നാണ് അറിയുന്നത്.
അതിനിടെ കാസർകോട് നഗരത്തിലെ ഗീത ജംക്ഷനിൽ ഗതാഗത കുരുക്കിൽ പെട്ട ഓടോറിക്ഷയുടെ താക്കോൽ എസ്ഐ ഊരിക്കൊണ്ട് പോയ സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നടുറോഡിൽ നിന്ന് ഓടോറിക്ഷ മാറ്റാത്തതിന്റെ പേരിൽ മറ്റ് വാഹന ഡ്രൈവർമാർ അബ്ദുൽ സത്താറിനെ ചോദ്യം ചെയ്തപ്പോൾ താക്കോൽ എസ്ഐ ഊരിയെടുത്ത് പോയിരിക്കുകയാണെന്നും അത് കിട്ടിയാലല്ലേ തനിക്ക് വണ്ടി മാറ്റാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം ദയനീമായി പറയുന്നത് വീഡിയോയിൽ കേൾക്കാം.
എളുപ്പം പരിഹരിക്കാവുന്ന ഗതാഗത കുരുക്ക് എസ്ഐ ഓടോറിക്ഷയുടെ താക്കോൽ ഊരിക്കൊണ്ട് പോയതോടെയാണ് രൂക്ഷമായതെന്നാണ് ഉയരുന്ന വിമർശനം. നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ 250 രൂപ പിഴയടിച്ച് തീർക്കാവുന്ന കേസ് മാത്രമായിരുന്നു ഇതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. സാധുമനുഷ്യനായ ഓടോറിക്ഷ ഡ്രൈവറോട് എസ്ഐ നടത്തിയ ക്രൂരതയാണ് ഇദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചതെന്നും നഗരത്തിലെ മുഴുവൻ ഓടോറിക്ഷ ഡ്രൈവർമാരും കുറ്റപ്പെടുത്തുന്നു.
ഹൃദ്രോഗിയും കാലിന് അസുഖവുമുള്ള സത്താർ മറ്റൊരാളുടെ പേരിൽ വായ്പ എടുത്ത് ഓടോറിക്ഷ വാങ്ങിച്ചാണ് കുടുംബം പുലർത്തിയിരുന്നത്. തനിക്ക് കഴിഞ്ഞമാസം വായ്പ അടക്കാൻ കഴിഞ്ഞത് തവണകളായിട്ടാണെന്നും മരുന്നിനും കുടുംബത്തിന്റെ ചിലവിനും പണത്തിന് ബുദ്ധിമുട്ടിയിരുന്നുവെന്നും ഇതിനിടയിലാണ് പൊലീസ് നിയമലംഘനത്തിന്റെ പേരിൽ ഓടോറിക്ഷ പിടിച്ചെടുത്തതെന്നും കേണപേക്ഷിച്ചിട്ടും വിട്ടുനൽകിയില്ലെന്നും അബ്ദുൽ സത്താർ മരണത്തിന് തൊട്ടുമുമ്പ് ഫേസ്‌ബുക് ലൈവിൽ പറയുന്ന വീഡിയോയും നേരത്തെ പുറത്തുവന്നിരുന്നു.
#KeralaPolice #AutoDriver #JusticeForAbdulSathar #KasaragodNews