Missing | ആശുപത്രിക്ക് സമീപം ഓടോറിക്ഷ നിർത്തി പോയതിന് പിന്നാലെ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായതായി പരാതി; പൊലീസ് അന്വേഷണം തുടങ്ങി
● ടവർ ലൊകേഷൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്
കാസര്‍കോട്: (KasargodVartha) ആശുപത്രിക്ക് സമീപം ഓടോറിക്ഷ നിർത്തിയിട്ടതിന് പിന്നാലെ ഓടോറിക്ഷ ഡ്രൈവറെ ദുരൂഹസാഹചര്യത്തില്‍ കാണാതായി പരാതി. കന്യപ്പാടി കര്‍ക്കട്ടപ്പള്ള സ്വദേശിയും ബദിയഡുക്കയിലെ ബന്ധുവീട്ടില്‍ താമസക്കാരനുമായ നിതിന്‍ കുമാറി (29) നെയാണ് കാണാതായത്.
സെപ്റ്റംബർ 12ന് രാവിലെ പതിവുപോലെ ബന്ധുവീട്ടിൽ നിന്നും ഓടോറിക്ഷയുമായി പോയതായിരുന്നുവെന്ന് ബന്ധുക്കൾ ബദിയഡുക്ക പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മീത്തല്‍ ബസാര്‍ സ്റ്റാൻഡിലാണ് ഓടോറിക്ഷ പാർക് ചെയ്യാറുള്ളത്.
സുഹൃത്തുക്കളും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്വിച് ഓഫ് ചെയ്തതായുള്ള മറുപടി ലഭിച്ചതോടെയാണ് യുവാവിന് വേണ്ടിയുള്ള അന്വേഷണം തുടങ്ങിയത്. ഇതിനിടയിലാണ് യുവാവിൻ്റെ ഓടോറിക്ഷ ബദിയഡുക്ക കമ്യുണിറ്റി ഹെൽത് സെൻ്ററിന് സമീപം നിര്‍ത്തിയിട്ടതായി കണ്ടെത്തിയത്.
തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് മാൻ മിസിംഗിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബര്‍ ക്രൈം പൊലീസിന്റെ സഹായത്തോടെ ടവർ ലൊകേഷൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
#missingperson #kasargod #kerala #police #investigation