Arrest | ഓടോറിക്ഷ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ കൊലക്കേസ് പ്രതി ഉൾപ്പെടെ 2 പേർ അറസ്റ്റിൽ

● സംഭവം മൊഗ്രാൽ സ്കൂളിന് മുൻവശമുള്ള റോഡിൽ വെച്ച്
● അക്രമത്തിനിരയായത് പെർവാട്ടെ അബൂബക്കർ സിദ്ദീഖ്
● ഒരാൾക്കെതിരെ കൊലപാതകം, വധശ്രമം തുടങ്ങിയ കേസുകൾ നിലവിലുണ്ട്
കുമ്പള: (KasargodVartha) ഓടോറിക്ഷ ഡ്രൈവറെ കുത്തിപ്പരുക്കേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ടു യുവാക്കളെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹബീബ് എന്ന അഭിലാഷ് (30), ദക്ഷിണ കന്നഡ ജില്ലയിലെ അഹ്‌മദ് കബീർ (24) എന്നിവരാണ് അറസ്റ്റിലായത്. പെർവാഡ് മാളിയങ്കര ഹൗസിലെ അബൂബകർ സിദ്ദീഖിനെ (35) അക്രമിച്ചുവെന്നാണ് കേസ്.
ചൊവ്വാഴ്ച വൈകീട്ട് 3.15 മണിയോടെ മൊഗ്രാൽ സ്കൂളിന് മുൻവശമുള്ള റോഡിൽ വെച്ചാണ് സംഭവം നടന്നത്. ഓടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന അബൂബകർ സിദ്ദീഖിനെ വെള്ള ഓമ്നി വാനിൽ എത്തിയ പ്രതികൾ തടഞ്ഞുനിർത്തുകയും സിദ്ദീഖിന്റെ കോളറിൽ പിടിച്ചു വലിച്ചിറക്കുകയും മുഖത്തും പുറത്തും മർദിക്കുകയും, ഹബീബ് സിദ്ദീഖിന്റെ ഇടത് കൈക്ക് കടിക്കുകയും കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്നുമാണ് കേസ്.
ഒന്നാം പ്രതി ഹബീബിന്റെ മുൻ ഭാര്യയും സിദ്ദീഖും തമ്മിൽ സൗഹൃദം ഉണ്ടെന്ന് ആരോപിച്ചായിരുന്നു അക്രമമെന്ന് എഫ്‌ഐആറിൽ പറയുന്നു. പിടിയിലായ ഹബീബ് വിവിധ സ്റ്റേഷനുകളിലായി കൊലപാതകം, വധശ്രമം, കഞ്ചാവ് കടത്ത് തുടങ്ങി 10 കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 2023 ൽ സമൂസ റശീദ് എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്.
യുവാക്കൾക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS) യിലെ 126(2), 115(2), 118(1), 110, 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. പരുക്കേറ്റ സിദ്ദിഖ് ആശുപത്രിയിൽ ചികിത്സ തേടി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും പങ്കുവെക്കുക.
Article Summary In English: Two arrested in Kumbala for attempted murder of an auto driver. One of the accused has a history of criminal activity, including a previous murder case.
#KumbalaCrime #AttemptedMurder #Arrest #KeralaPolice #CrimeNews #Violence