Arrest | യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ ഒരാൾ അറസ്റ്റിൽ

● സിദ്ദീഖ് എന്നയാളാണ് അറസ്റ്റിലായത്
● മുഹമ്മദ് അലി സഹദിനാണ് പരിക്കേറ്റത്
● 35,800 രൂപയും രേഖകളും കവർന്നുവെന്നും പരാതി
● പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
ബദിയഡുക്ക: (KasargodVartha) യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ ഒരാൾ അറസ്റ്റിലായി. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ സിദ്ദീഖ് എന്ന ടിപർ സിദ്ദീഖ് (37) ആണ് അറസ്റ്റിലായത്. നെക്രാജെ ആലംകോടിലെ ബദ്റുദ്ദീന്റെ മകൻ മുഹമ്മദ് അലി സഹദിനെ (26) കഴിഞ്ഞ ദിവസം വൈകീട്ട് ബേള ചർളടുക്ക ന്യൂസ്ട്രീറ്റ് റോഡിൽ വെച്ച് സ്കൂടറിൽ സഞ്ചരിക്കവെ പ്രതി സിദ്ദീഖ് മുൻവൈരാഗ്യം വെച്ച് കാർ കൊണ്ട് ഇടിച്ചു കൊല്ലാൻ ശ്രമിച്ചുവെന്നാണ് പരാതി.
എഴുന്നേൽക്കാൻ ശ്രമിച്ച സഹദിനെ സിദ്ദീഖ് കാർ റിവേഴ്സ് എടുത്ത് വീണ്ടും ഇടിക്കാൻ ശ്രമിച്ചതായും ഒഴിഞ്ഞുമാറിയതിനാലാണ് രക്ഷപ്പെട്ടതെന്നും അതിനുശേഷം കാറിൽ നിന്നിറങ്ങി കൈകൊണ്ടും കാലുകൊണ്ടും അടിക്കുകയും ചവിട്ടുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു. കൈവശമുണ്ടായിരുന്ന 35,800 രൂപയും രേഖകളും അടങ്ങിയ പേഴ്സും സിദ്ദീഖ് തട്ടിയെടുത്തുവെന്നും യുവാവ് പറഞ്ഞു.
ബദിയഡുക്ക എസ്ഐ നിഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സിദ്ദീഖിനെ അറസ്റ്റ് ചെയ്തത്. ഇയാൾ മണൽ കടത്ത് സംഘത്തിലെ പ്രധാനിയാണെന്നും കഞ്ചാവ് ഉപയോഗിച്ചതിന് നേരത്തെയും കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു. സഹദിന്റെ പറമ്പിൽ നിന്ന് മണൽ എടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് കാരണമെന്നാണ് വിവരം. സിദ്ദീഖിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
#AttemptedMurder #Badiyadukka #Arrest #CrimeNews #KeralaPolice #Kasaragod