city-gold-ad-for-blogger

'കാസർകോട്ട് 3000 രൂപയ്ക്ക് വേണ്ടി യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം'; നാലംഗ സംഘത്തിനെതിരെ കേസ്

Attempt to Kill Mason by Setting Him on Fire Over ₹3000 Dispute; Case Registered Against Four Guest Workers in Kasaragod
Photo: Special Arrangement

● മൊഗ്രാൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപം വെള്ളിയാഴ്ച പുലർച്ചെയായിരുന്നു ആക്രമണം
● കർണാടക സ്വദേശിയായ അബ്ദുൽ ഗഫൂർ ആശുപത്രിയിൽ ചികിത്സയിൽ
● അക്രമം നടത്തിയ അതിഥി തൊഴിലാളികൾ ഒളിവിലാണെന്ന് പൊലീസ്
● വധശ്രമത്തിന് കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി

കുമ്പള: (KasargodVartha) മൊഗ്രാലിൽ യുവാവിനെ തടഞ്ഞുനിർത്തി അതിഥി തൊഴിലാളി സംഘം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവം നാടിനെ നടുക്കി. ഗുരുതരമായി പൊള്ളലേറ്റ കർണാടക ഹുബ്ലി സ്വദേശിയും വർഷങ്ങളായി മൊഗ്രാൽ കൊപ്പളത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുകയും ചെയ്യുന്ന തേപ്പ് മേസ്ത്രിയായ അബ്ദുൽ ഗഫൂർ (45) കുമ്പള സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ യുവാവ് അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മെച്ചപ്പെട്ട ചികിത്സയ്ക്കായി ഇയാളെ പിന്നീട് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

വെള്ളിയാഴ്ച പുലർച്ചെ 5.30 മണിയോടെ മൊഗ്രാൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപമാണ് സംഭവം നടന്നത്. പതിവുപോലെ താമസസ്ഥലത്ത് നിന്ന് ദേശീയപാതയിലേക്ക് നടന്ന് പോകുകയായിരുന്ന അബ്ദുൽ ഗഫൂറിനെ റെയിൽവേ അടിപ്പാതയ്ക്ക് സമീപം കുറ്റിക്കാട്ടിൽ പതിയിരുന്ന നാലംഗ സംഘം ആക്രമിക്കുകയായിരുന്നു.

അക്രമികൾ ഇയാളെ തടഞ്ഞുനിർത്തിയ ശേഷം ഒരാൾ ദേഹത്ത് മണ്ണെണ്ണയൊഴിക്കുകയും മറ്റൊരാൾ തീകൊളുത്തുകയും ചെയ്തുവെന്നാണ് അബ്ദുൽ ഗഫൂറിൻ്റെ മൊഴി. 

തീ ആളിപ്പടർന്നതോടെ അക്രമിസംഘം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അബ്ദുൽ ഗഫൂറിൻ്റെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് തീയണച്ച് ഉടൻ കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചത്. ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പൊള്ളലേറ്റെങ്കിലും ജീവൻ അപകടത്തിലല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

പിന്നിൽ സാമ്പത്തിക തർക്കം

സംഭവത്തിന് പിന്നിൽ സാമ്പത്തിക തർക്കമാണെന്നാണ് പ്രാഥമിക സൂചന. സീതാംഗോളിയിലെ ഒരു കെട്ടിടത്തിൻ്റെ തേപ്പ് ജോലിയുമായി ബന്ധപ്പെട്ട് അക്രമിസംഘത്തിന് 3,000 രൂപ നൽകാനുണ്ടായിരുന്നുവെന്ന് അബ്ദുൽ ഗഫൂർ പറഞ്ഞു. എന്നാൽ, ജോലി ഏൽപ്പിച്ച എൻജിനീയറിൽ നിന്ന് 18,000 രൂപ ലഭിക്കാനുണ്ടെന്നും ആ തുക ലഭിച്ചാൽ തൊഴിലാളികൾക്ക് നൽകാമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിന് തലേദിവസം പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി ഒരാൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അബ്ദുൽ ഗഫൂർ ആരോപിച്ചു. ഈ ഭീഷണിയും ആക്രമണവും തമ്മിൽ ബന്ധമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

പ്രതികൾക്കായി തിരച്ചിൽ ഊർജിതം

അതിഥി തൊഴിലാളികളായ ശരവണൻ, ലിംഗം, മേരി, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് അബ്ദുൽ ഗഫൂർ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിട്ടുണ്ട്. പ്രതികളിൽ മേരിയും മറ്റ് ചിലരും തളങ്കര മാലിക് ദീനാർ പള്ളിക്ക് സമീപത്തെ ക്വാർട്ടേഴ്സിലാണ് താമസിക്കുന്നതെന്നാണ് വിവരം.

സംഭവത്തിൽ കുമ്പള പൊലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്താൻ വിവിധ കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിൻ്റെ പശ്ചാത്തലവും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.

Article Summary: A 45-year-old mason named Abdul Ghafoor, originally from Hubli, Karnataka, narrowly escaped death after a four-member group of guest workers allegedly poured kerosene over him and set him on fire near the Mogral railway underpass on Friday. 

#KumblaNews #Mogral #AttemptToMurder #KeralaPolice #KasaragodNews #GuestWorkers #CrimeNews #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia