Attack | 'ആക്രിസാധനങ്ങൾ പെറുക്കാനെത്തിയ യുവതിയെ കയറിപ്പിടിച്ചു, തടയാൻ ശ്രമിച്ചപ്പോൾ ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിച്ച് പരുക്കേൽപിച്ചു'; യുവാവ് അറസ്റ്റിൽ
● സംഭവം നടന്നത് രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ
● അശ്ലീല വാക്കുകൾ പറഞ്ഞതായും ആരോപണം
● കേസെടുത്തത് നരഹത്യാശ്രമം അടക്കം വകുപ്പുകൾ ചുമത്തി
കാസർകോട്: (KasargodVartha) ആക്രിസാധനങ്ങൾ പെറുക്കാനെത്തിയ യുവതിയോട് അസഭ്യം പറയുകയും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടപ്പോൾ പിന്തുടർന്ന് വന്ന് കയറിപ്പിടിക്കുകയും ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിച്ച് പരുക്കേൽപിക്കുകയും ചെയ്തുവെന്ന കേസിൽ യുവാവ് അറസ്റ്റിൽ. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ റമീസ് (34) ആണ് അറസ്റ്റിലായത്.
തമിഴ്‌നാട് സ്വദേശിനിയും ഇപ്പോൾ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുകയും ചെയ്യുന്ന 40 കാരിക്കെതിരെയാണ് ആക്രമണം ഉണ്ടായത്. യുവതി വാടകയ്‌ക്ക് താമസിച്ച് പഴയ ഇരുമ്പ് സാധനങ്ങൾ പെറുക്കി വിറ്റ് ജീവിക്കുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് 3.30 മണിയോടെ പാണത്തൂരിലെ ഒരു വീട്ടുപറമ്പിൽ ആക്രിസാധനങ്ങൾ ശേഖരിക്കുന്നതിനിടയിൽ റമീസ് യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി.
തുടർന്ന് സ്ഥലത്തുനിന്നും പോയ യുവതിയെ പിൻതുടർന്ന് എത്തിയ പ്രതി പാണത്തൂർ ബസ് സ്റ്റാൻഡിൽ വെച്ച് അശ്ലീല ഭാഷയിൽ സംസാരിക്കുകയും സ്വകാര്യ ഭാഗത്ത് പിടിക്കുകയും ചെയ്തപ്പോൾ യുവതി തന്റെ കൈയിലുണ്ടായിരുന്ന ഇരുമ്പുവടി കൊണ്ട് പ്രതിയെ തടയാൻ ശ്രമിച്ചു. ഇതോടെ പ്രകോപിതനായ റമീസ് ഇരുമ്പുവടി പിടിച്ചുവാങ്ങി യുവതിക്ക് തലക്ക് അടിച്ച് പരിക്കേൽപ്പിച്ചെന്നുമാണ് കേസ്. ഇതിനിടയിൽ യുവാവിനും പരുക്കേറ്റു. യുവതിയെ ഓടിക്കൂടിയവർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
യുവതിയുടെ തലയിൽ അഞ്ച് തുന്നിക്കെട്ടുകൾ വേണ്ടിവന്നതായി പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നരഹത്യാശ്രമം അടക്കം ബിഎൻഎസ് 74, 75(2), 110, 296 (ബി) വകുപ്പുകൾ പ്രകാരം കേസടുത്താണ് രാജപുരം പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്‌തത്. രാജപുരം ഇൻസ്‌പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ പ്രദീപൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഫിലിപ്, സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ്, സി ബി സനൂബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
#Kasargod #crime #womenagainstviolence #justice #Kerala #India