Court Verdict | 'മർദിക്കുന്നത് തടയാൻ ചെന്നവരെ കത്തികൊണ്ട് കുത്തി'; 4 യുവാക്കൾക്ക് 8 വർഷവും 9 മാസവും തടവും പിഴയും; ഒന്നാം പ്രതി ഒളിവിൽ
2019 ജൂൺ 25 ന് രാത്രി 10.15 മണിയോടെ ചെട്ടുംകുഴിയിൽ വെച്ചായിരുന്നു സംഭവം
കാസർകോട്: (KasargodVartha) മർദിക്കുന്നത് കണ്ട് തടയാൻ ചെന്നവരെ കത്തികൊണ്ട് കുത്തി ഗുരുതരമായി പരുക്കേൽപിച്ചെന്ന കേസിൽ നാല് പ്രതികൾക്ക് എട്ട് വർഷവും ഒൻപത് മാസവും തടവും, മുപ്പതിനായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ നാല് മാസം കൂടി അധിക തടവും അനുഭവിക്കേണ്ടി വരും.
വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഗുൽഫാൻ (32), പി എ സിനാൻ (33), കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ എം കൈസൽ (33), മുഹമ്മദ് സഫ്‌വാൻ (33) എന്നിവരെയാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്.
2019 ജൂൺ 25 ന് രാത്രി 10.15 മണിയോടെ ചെട്ടുംകുഴിയിൽ വെച്ച് ഹൈദർ എന്നയാളെ മർദിക്കുന്നത് കണ്ട് തടയാൻ ചെന്ന അബ്ദുൽ അസീസ്, അമീർ എന്നിവരെ പ്രതികൾ കത്തികൊണ്ട് കുത്തി ഗുരുതരമായി പരുക്കേൽപിച്ചുവെന്നാണ് കേസ്. അതേസമയം കേസിലെ ഒന്നാം പ്രതിയായ പി കെ ശാനിബ് ഇപ്പോഴും ഒളിവിലാണ്.
വിദ്യാനഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് വിദ്യാനഗർ എസ് ഐ ആയിരുന്ന യു പി വിപിൻ ആണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ജി ചന്ദ്രമോഹൻ, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.