Crime Alert | എടിഎം കൊള്ളയ്ക്ക് ശ്രമിച്ചത് പ്രദേശവാസിയായ കള്ളനെന്ന് സൂചന; കൗണ്ടറിന്റെ മുന്‍ വശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉടൻ കിട്ടും
കാസര്‍കോട്: (KasargodVartha) മൊഗ്രാല്‍ ജംഗ്ഷനിലെ (Mogral Junction) സൗത് ഇന്‍ഡ്യന്‍ ബാങ്കിന്റെ (South Indian Bank) എടിഎം (ATM) തകര്‍ത്ത് പണം കവർച്ച നടത്താൻ ശ്രമിച്ച സംഭവത്തിൽ പ്രൊഫഷണല്‍ കവര്‍ചക്കാരനല്ലെന്നും (Professional Thief) പ്രദേശത്തുള്ള യുവാവ് തന്നെയായിരിക്കുമെന്നും പൊലീസ് സംശയിക്കുന്നു.
പൊലീസിന്റെ പ്രാഥമിക നിഗമനം പ്രകാരം, പ്രൊഫഷണൽ കവർച്ചക്കാരൻ എടിഎം മെഷീനിന്റെ പ്രവർത്തനം കൃത്യമായി മനസ്സിലാക്കി മാത്രമേ ഇത്തരം കൃത്യങ്ങൾക്ക് ശ്രമിക്കാറുള്ളൂ. എന്നാൽ മൊഗ്രാലിൽ നടന്ന സംഭവത്തിൽ പ്രതി വെപ്രാളത്തോടെയാണ് എടിഎം കുത്തിതുറക്കാൻ ശ്രമിച്ചത്. കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇത് വ്യക്തമാണ്. പ്രതിയുടെ കൈയിൽ ചെറിയ കമ്പിപ്പാരയും സ്ക്രൂ ഡ്രൈവറും മാത്രമായിരുന്നു ഉണ്ടായിരുന്നത്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം, പ്രതി ഒറ്റയ്ക്കാണ് എത്തിയത്. കൗണ്ടറിന്റെ പുറത്ത് നിന്ന് ആരെങ്കിലും തന്നെ നിരീക്ഷിക്കുന്നുണ്ടോയെന്ന് പ്രതി നിരന്തരം പരിശോധിച്ചിരുന്നു.
പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. എടിഎം കൗണ്ടറിനകത്തെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചെങ്കിലും പുറത്തെ ദൃശ്യം വെള്ളിയാഴ്ച വൈകീട്ട് മാത്രമേ ലഭ്യമാകൂ. പ്രതി ബൈക്കിലോ നടന്നോ എത്തിയെന്നത് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. എടിഎം കൗണ്ടറിൽ വിരലടയാള വിദഗ്ധർ നടത്തിയ പരിശോധനയിൽ സംശയിക്കപ്പെടുന്ന ചില വിരലടയാളങ്ങൾ ലഭിച്ചിട്ടുണ്ട്. പൊലീസ് നായയെ കൊണ്ടുവന്ന് നടത്തിയ പരിശോധനയിൽ മഴ കാരണം മണം പിടിക്കാൻ കഴിഞ്ഞില്ല. അലാം ശബ്ദിച്ചതോടെ പ്രതി രക്ഷപ്പെട്ടു.
മെലിഞ്ഞ ശരീരപ്രകൃതിയുള്ള പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതി തൊപ്പി ധരിച്ച് മുഖം കറുത്ത തുണികൊണ്ട് മറച്ചാണ് എത്തിയത്. സമീപത്തെ വീടുകളിലെയും കടകളിലെയും സിസിടിവി ക്യാമറകളും പരിശോധിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.