Complaint | നവവധുവിന് നേരെ ക്രൂരമായ ലൈംഗിക പീഡനവും മർദനവുമെന്ന് പരാതി; ഭർത്താവിനും മാതാവിനുമെതിരെ കേസെടുത്ത് പൊലീസ്
● വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളിൽ തന്നെ അക്രമം തുടങ്ങിയെന്ന് പരാതി
● സ്വർണം തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു
● പൊലീസ് അന്വേഷണം തുടങ്ങി
കാസർകോട്: (KasargodVartha) നവവധുവിനെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും മർദിക്കുകയും ചെയ്തുവെന്ന പരാതിയിൽ ഭർത്താവിനും മാതാവിനുമെതിരെ പൊലീസ് കേസെടുത്തു. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയുടെ പരാതിയിലാണ് ദക്ഷിണ കന്നഡ വിട്ല പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവാവിന്റെയും മാതാവിൻ്റെയും പേരിൽ ആദൂർ പൊലീസ് കേസെടുത്തത്.
വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളിൽ തന്നെ ക്രൂരമായ ലൈംഗിക ആക്രമണത്തിനാണ് ഇരയായതെന്ന് നവവധു പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇക്കഴിഞ്ഞ ജൂണിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. രാത്രിയിൽ തുടർച്ചയായി നാലിലേറെ തവണ ലൈംഗിക പീഡനത്തിരയാക്കുകയും പലതവണ ക്രൂരമായി മർദിക്കുകയും കാറിൽ കയറ്റിക്കൊണ്ടുപോയി അടിച്ചുപരിക്കൽപ്പിച്ചതിനെത്തുടർന്ന് രക്ത സ്രാവം ഉണ്ടാക്കിയെന്നും പരാതിയിൽ വ്യക്തമാകുന്നു.
വിവാഹ സമ്മാനമായി സ്വന്തം വീട്ടുകാർ നൽകിയ 10 പവനും വരൻ വധുവിന് നൽകിയ മൂന്ന് പവനും തട്ടിയെടുത്തെന്നും പരാതിയിൽ പറ യുന്നു. ഇതിനുശേഷം കൂടുതൽ സ്വർണവും പണവും ആവശ്യപ്പെടുകയും ഇത് നൽകാത്തതിന് മർദിക്കുകയും ചെയ്തതായും യുവതി പരാതിയിൽ ആരോപിച്ചു. ബിഎൻഎസ് 85 പ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
#DomesticViolence #KasaragodCrime #KeralaNews #Gold #PoliceInvestigation