Investigation | ലോറി ഡ്രൈവർ ആസിഫിന്റെ മരണം: ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് ആക്ഷൻ കമിറ്റി

● ഒറ്റ നോട്ടത്തിൽ ഇതൊരു കൊലപാതകമാണെന്ന് സംശയിക്കുന്ന സാഹചര്യ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിക്കുകയാണ്.
● ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും ആക്ഷൻ കമിറ്റി ഭാരവാഹികൾ വ്യക്തമാക്കി.
കാസർകോട്: (KasargodVartha) പൈവളിഗെ ബായാർ കയർക്കട്ട ഗാളിയഡുക്കയിലെ ടിപർ ലോറി ഡ്രൈവർ മുഹമ്മദ് ആസിഫിൻ്റെ (25) മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് ജസ്റ്റീസ് ഫോർ ആസിഫ് ആക്ഷൻ കമിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മുഹമ്മദ് ആസിഫിൻ്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം പ്രഹസനമായി മാറരുതെന്നും പൊതുജനങ്ങൾക്ക് ഉള്ള സംശയം ദൂരീകരിക്കാൻ ഉത്തരവാദപ്പെട്ടവർ തയ്യാറാവണമെന്നും ഭാരവാഹികൾ വ്യക്തമാക്കി. പൊലീസിൻ്റെ ഭാഗത്തുനിന്ന് അന്വേഷണത്തിൽ കാണിക്കുന്ന അനാസ്ഥയും നിസ്സംഗതയും പൊതുജനങ്ങളിൽ സംശയം വർധിപ്പിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ശരീരത്തിന്റെ പല ഭാഗത്തും മുറിവുണ്ട്. തലയുടെ മുടി വലിച്ചു പൊട്ടിച്ച അവസ്ഥയിലാണ്. കാലിന്റെ തുടയിൽ അടിച്ച മുറിവുണ്ട്. കാലിൽ റോഡിലൂടെ വളിച്ച മുറിവുണ്ട്. ഇത് എങ്ങനെ സ്വാഭാവിക മരണമാവും. ഒറ്റ നോട്ടത്തിൽ ഇതൊരു കൊലപാതകമാണെന്ന് സംശയിക്കുന്ന സാഹചര്യ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിക്കുകയാണ്.
ഈ സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കി സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും ആക്ഷൻ കമിറ്റി ഭാരവാഹികൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ആക്ഷൻ കമിറ്റി ഭാരവാഹികളായ നാസർ കോരിക്കർ, വസന്ത കുമാർ, അശ്റഫ് ബഡാജെ, ലോകേഷ് നോണ്ട, അസീസ് കളായി, ഫാറൂഖ് മുന്നൂർ, മുനാഫ് ഗാളിയഡുക്ക എന്നിവർ പങ്കെടുത്തു.
ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ പങ്കുവെക്കൂ
The Justice for Asif Action Committee demands clarity on the mysterious death of truck driver Asif, stating that the investigation must not become a mockery.
#AsifDeath #Investigation #Mystery #Suspicion #Kasargod #JusticeForAsif