Arrested | സ്‌കൂടറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി 2 പേർ അറസ്റ്റിൽ
* കുടുങ്ങിയത് വാഹന പരിശോധനയ്ക്കിടെ
വിദ്യാനഗർ: (KasaragodVartha) സ്‌കൂടറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ട് പേരെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്‌തു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ എം മുഹമ്മദ് അജ്‌മൽ (37), എ എം ഉമർ (46) എന്നിവരാണ് പിടിയിലായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഹിദായത് നഗറിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്.
പ്രതികളിൽ നിന്ന് എട്ട് ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ബെംഗ്ളൂറിൽ നിന്നുള്ള ഒരാളാണ് മയക്കുമരുന്ന് നൽകിയതെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. നാര്‍കോടിക് ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് (NDPS) 22(ബി), 29 വകുപ്പുകൾ പ്രകാരം കേസെടുത്താണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
പ്രതികൾ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാനഗർ എസ്ഐമാരായ വി വി ശ്രീജേഷ്, ഇ ഉമേശൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരിലാൽ, ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പിള്ളി, കൃഷ്ണനുണ്ണി എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.