Investigation | 'മുംതാസ് അലിയുടെ മരണത്തിന് കാരണമായത് ഹണിട്രാപും ബ്ലാക് മെയിലും'; ദമ്പതികളടക്കം 3 പേർ അറസ്റ്റിൽ
● മംഗ്ളുറു സിസിബി പൊലീസ് ദക്ഷിണ കന്നഡയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്
● മറ്റ് പ്രതികൾക്കായി അന്വേഷണം നടക്കുന്നു.
● ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്
മംഗ്ളുറു: (KasargodVartha) പ്രമുഖ വ്യവസായിയും മിസ്ബാഹ് ഗ്രൂപ് ഓഫ് എജ്യുകേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനും മുൻ എംഎൽഎ മുഹ്‌യുദ്ദീൻ ബാവയുടെ സഹോദരനുമായ മുംതാസ് അലിയുടെ (52) മരണവുമായി ബന്ധപ്പെട്ട് ദമ്പതികളടക്കം മൂന്ന് പേർ അറസ്റ്റിൽ. കേസിലെ മുഖ്യപ്രതി റഹ്‌മത് എന്ന ആഇശ, ഭർത്താവ് ശുഐബ്, ഇവരുടെ ഡ്രൈവർ സിറാജ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യ സൂത്രധാരനെന്ന് പറയുന്ന രണ്ടാം പ്രതി അബ്ദുൽ സത്താർ അടക്കമുള്ളവർക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്.
യുവതിയടക്കം ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഹണിട്രാപിനെയും ബ്ലാക് മെയിലിനെയും തുടർന്നാണ് മുംതാസ് അലി ജീവനൊടുക്കിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ദൃശ്യങ്ങൾ കാണിച്ച് മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയിരുന്നതായും അദ്ദേഹത്തിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഘം വീണ്ടും പണം ആവശ്യപ്പെട്ടെന്നും സഹോദരൻ ഹൈദർ അലി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
മുംതാസ് അലി നടത്തുന്ന കോളജിൽ ജോലി ചെയ്യുന്ന യുവതിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ചൂഷണം ചെയ്ത്, യുവതിയുടെ ഭർത്താവും മറ്റ് പ്രതികളും ബ്ലാക് മെയിൽ ചെയ്യുകയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തന്നെ സഹായിക്കുവരെയെല്ലാം ഉദാരമായി സഹായിക്കുന്ന മുംതാസ് അലിയുടെ സ്വഭാവം മുതലെടുത്ത് ആഇശ അദ്ദേഹവുമായി അടുപ്പം വളർത്തിയെടുക്കുകയും മുതലെടുക്കുകയുമായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി.
ഈ ബന്ധം ബ്ലാക്‌മെയിൽ ചെയ്യാൻ ഉപയോഗിച്ചു. ഭർത്താവ് അടക്കമുള്ളവർ ഇതിന് ഒത്താശ ചെയ്തു. പണം കൈക്കലാക്കാൻ വേണ്ടി ആഇശയുടെ മക്കൾക്കൊപ്പമുള്ള മുംതാസ് അലിയുടെ ഒരു വീഡിയോ അദ്ദേഹത്തിന് കുടുംബത്തിന് അയച്ചുകൊടുത്തതായും വിവരമുണ്ട്. അടുത്തിടെ സംഘം മുംതാസ് അലിയിൽ നിന്ന് രണ്ട് കോടി രൂപ ആവശ്യപ്പെട്ടിരുന്നതായും പൊലീസ് സൂചിപ്പിച്ചു.
ഇതിനെയെല്ലാം തുടർന്ന് മാനസികമായി തകർന്ന മുംതാസ് അലി ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ കെഎ 19 എംജി 0004 നമ്പരിലുള്ള ബിഎംഡബ്ല്യു കാർ പുലർച്ചെ അഞ്ചോടെ കുളൂർ പാലത്തിൽ തകർന്ന നിലയിൽ കണ്ടെത്തിയിരുന്നു. പൊലീസ്, എൻഡിആർഎഫ്, നീന്തൽ വിദഗ്ധർ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം തിങ്കളാഴ്ച രാവിലെ പുഴയിൽ നിന്ന് കണ്ടെത്തിയത്.
തന്നെ മാനസികമായി പീഡിപ്പിക്കുന്നവരുടെ പേര് പറഞ്ഞുകൊണ്ട് മുംതാസ് അലി ബ്യാരി ഭാഷയിൽ മകൾക്കും സുഹൃത്തിനും സാമൂഹ്യ മാധ്യമത്തിൽ ശബ്ദ സന്ദേശം അയച്ചതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ മംഗ്ളുറു സിസിബി പൊലീസ് ദക്ഷിണ കന്നഡയിൽ നിന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ദമ്പതികൾ മലയാളികളാണെന്നും സൂചനയുണ്ട്.
മംഗ്ളുറു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാളിന്റെ മേൽനോട്ടത്തിൽ ഡിസിപിമാരായ സിദ്ധാർത്ഥ് ഗോയൽ, ദിനേഷ് കുമാർ, മംഗ്ളുറു നോർത് സബ് ഡിവിഷണൽ അസിസ്റ്റൻറ് കമീഷണർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നു. കാവൂർ പൊലീസ് ഇൻസ്‌പെക്ടർ രാഘവേന്ദ്ര എം ബൈന്ദൂർ, ഡെപ്യൂടി ഇൻസ്‌പെക്ടർ മല്ലികാർജുന ബിരാദാർ, നളിനി, നാഗരത്‌ന, സി പ്രവീൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.
#KeralaNews #CrimeNews #Honeytrap #Blackmail #JusticeForMumtaz