ഗൂഢാലോചന തെളിയിക്കാൻ കഴിഞ്ഞില്ല; ശുക്കൂർ വധക്കേസില്‍ പി ജയരാജനെയും ടി വി രാജേഷിനെയും സിബിഐ കോടതി വെറുതെ വിട്ടു, 13 പ്രതികൾ കുറ്റക്കാർ
● കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കേസിൽ നിർണായക വിധി പ്രഖ്യാപിച്ചത്
● കേസിൽ 18 പേരെ കോടതി വെറുതെ വിട്ടു
● ഒന്നാം പ്രതി കെ വി സുമേഷ്, മൂന്നാം പ്രതി എ വി അനൂപ് അടക്കം ഏഴ് പേർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു
● പവിത്രൻ, മനോഹരൻ, മൈന ദിനേശൻ, വടി ബിജു, ഷിജിൻ മോഹൻ എന്നിവരാണ് കൊലക്കുറ്റം തെളിഞ്ഞ മറ്റുള്ളവർ
● 2012 ഫെബ്രുവരി 20-ന് പി ജയരാജൻ്റെ വാഹനം ആക്രമിച്ചതിൻ്റെ തുടർച്ചയായാണ് 23-കാരനായ ശുക്കൂർ കൊല്ലപ്പെട്ടത്
കൊച്ചി: (KasargodVartha) അരിയിൽ ശുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി ജയരാജനെയും ടി വി രാജേഷിനെയും കോടതി വെറുതെ വിട്ടു. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് നിർണായക വിധി പറഞ്ഞത്. കേസിൽ 13 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി 18 പേരെ വെറുതെ വിടുകയും ചെയ്തു.
പി ജയരാജനും ടി വി രാജേഷിനും എതിരായ ഗൂഢാലോചന കുറ്റം കോടതിയിൽ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഒന്നാം പ്രതി കെ വി സുമേഷും മൂന്നാം പ്രതി എ വി അനൂപും അടക്കം 13 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.
കൊലക്കുറ്റം തെളിഞ്ഞ പ്രതികൾ
കേസിൽ 7 പേർക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്. ഒന്നാം പ്രതി കെ വി സുമേഷ്, മൂന്നാം പ്രതി എ വി അനൂപ്, 7-ാം പ്രതി പവിത്രൻ, 9-ാം പ്രതി മനോഹരൻ, 10-ാം പ്രതി എൻ പി ദിനേശൻ എന്ന മൈന ദിനേശൻ, 12-ാം പ്രതി ബിജുമോൻ എന്ന വടി ബിജു, 15-ാം പ്രതി ഷിജിൻ മോഹൻ എന്നിവർക്കെതിരെയുള്ള കൊലക്കുറ്റമാണ് കോടതിയിൽ തെളിഞ്ഞത്.
14-ാം പ്രതി രാധാകൃഷ്ണൻ, 16-ാം പ്രതി സജിത്, 25-ാം പ്രതി വി വി മോഹനൻ, 28-ാം പ്രതി പി പി സുരേശൻ, 26-ാം പ്രതി പുരുഷോത്തമൻ, 27-ാം പ്രതി അജിത് കുമാർ എന്നിവരാണ് കുറ്റക്കാരായി കണ്ടെത്തിയ മറ്റ് പ്രതികൾ.
2012-ലെ സംഭവത്തിൻ്റെ പശ്ചാത്തലം
23-കാരനായ ശുക്കൂറിനെ മണിക്കൂറുകളോളം തടങ്കലിൽ വെച്ചും ഫോട്ടോ എടുത്ത് ഉറപ്പാക്കിയും 'പാർട്ടി കോടതി' വിധി നടപ്പാക്കി എന്ന ആരോപണമുയർന്ന കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും അടക്കം 33 പ്രതികൾക്കുള്ള വിധിയാണ് കോടതി പ്രഖ്യാപിച്ചത്.
തളിപ്പറമ്പ് അരിയിലിൽ ഒരു പരിപാടി കഴിഞ്ഞ് മടങ്ങിയ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ്റെ വാഹനം അരിയിൽ വെച്ച് ആക്രമിച്ചതായിരുന്നു ശുക്കൂർ വധത്തിന് കാരണമായത്. 2012 ഫെബ്രുവരി 20-ന് 11.45-നായിരുന്നു സംഭവം നടന്നത്.
കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Kochi Special CBI Court acquits CPM leaders P Jayarajan and TV Rajesh in the Ariyil Shukkoor murder case, while convicting 13 accused.
#AriyilShukkoorCase #PJayarajan #TVRajesh #CBICourt #KeralaPolitics #CPM #KochiNews #MalayalamNews #RenuNews






