എസ്ഐടി റെയ്ഡ് പൂർത്തിയായതിന് തൊട്ടുപിന്നാലെ എക്സൈസ് നടപടി; വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ
● അറസ്റ്റിന് ശേഷം വൈദ്യപരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചു
● പ്രതിയെ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും
● അബ്കാരി ആക്ടിലെ 55എ, 55ഐ, 58 എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി
● 43 ലിറ്റർ വിദേശമദ്യവും ഇന്ത്യയിൽ വിൽപനാനുമതിയില്ലാത്ത മദ്യക്കുപ്പികളും പിടിച്ചെടുത്തു
കൊച്ചി: (KasargodVartha) അളവിൽ കവിഞ്ഞ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ. വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് അനധികൃത മദ്യ ശേഖരം കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. എക്സൈസ് എസി ബൈജുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ആൻ്റോയെ കൊച്ചിയിലെ ഓഫീസിൽ എത്തി അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് ശേഷം വൈദ്യപരിശോധനയ്ക്കായി ഇദ്ദേഹത്തെ ആലുവയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആൻ്റോയെ വയനാട്ടിൽ എത്തിക്കുമെന്ന് എക്സൈസ് എസി അറിയിച്ചു. കോടതിയിൽ ഹാജരാക്കുമെന്നും നിലവിൽ ഈ കേസിൽ ആൻ്റോ മാത്രമാണ് പ്രതിയെന്നും അദ്ദേഹം വ്യക്തമാക്കി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക.
എഫ്ഐആർ കോപ്പി ആവശ്യപ്പെട്ടു
കൊച്ചിയിലെ ഓഫീസിലെ അറസ്റ്റിനിടെ തനിക്കെതിരെയുള്ള എഫ്ഐആർ കാണിക്കാതെ അറസ്റ്റിനു വഴങ്ങില്ല എന്നായിരുന്നു ആൻ്റോയുടെ നിലപാട്. ഉദ്യോഗസ്ഥർ എഫ്ഐആർ ഡിജിറ്റൽ കോപ്പി കാണിച്ചെങ്കിലും ഹാർഡ് കോപ്പി തന്നെ വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മനോജ് കുമാർ ആണ് എഫ്ഐആർ കോപ്പിയുമായി സ്ഥലത്തെത്തിയത്.
ജാമ്യമില്ലാ വകുപ്പുകൾ
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എക്സൈസ് ആൻ്റോ ആഗസ്റ്റിനെതിരെ കേസെടുത്തിരിക്കുന്നത്. അബ്കാരി ആക്ടിലെ 55എ, 55ഐ, 58 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 55എ നിയമ വിരുദ്ധമായ മദ്യ കടത്തും കൈവശം വെയ്ക്കലുമാണ്. ഇതിന് 10 വർഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ്.
55ഐ അനധികൃത മദ്യ വില്പനയോ, അനധികൃതമായി വിൽപന നടത്താനായി സൂക്ഷിക്കുകയോ ചെയ്യുക എന്ന കുറ്റമാണ്. 58 നികുതി വെട്ടിച്ച് മദ്യം കൈവശം വെയ്ക്കുന്ന കുറ്റമാണ്.
ഒരാൾക്ക് കൈവശം വെക്കാവുന്നതിലും അധികം അളവിലുള്ള വിവിധ തരത്തിലുള്ള മദ്യശേഖരവുമാണ് വാഴവറ്റയിലെ വീട്ടിൽ നിന്നും പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. 43 ലിറ്റർ വിദേശമദ്യം, ഏഴ് ലിറ്റർ വിദേശ വൈൻ, 13 ലിറ്റർ വീട്ടിലുണ്ടാക്കിയ വൈൻ, കൂടാതെ മറ്റൊരു മുറിയിൽ നിന്ന് ഇന്ത്യയിൽ വിൽപനാനുമതിയില്ലാത്ത മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. മദ്യക്കടത്ത് സംഘങ്ങളുമായി പ്രതിക്ക് ബന്ധമുണ്ടോയെന്ന കാര്യവും എക്സൈസ് ഇൻ്റലിജൻസ് വിഭാഗം അന്വേഷിക്കുന്നുണ്ട്.
എസ്ഐടി റെയ്ഡ്
ലയണൽ മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡ് അവസാനിപ്പിച്ച് എസ്ഐടി മടങ്ങും മുമ്പേയാണ് എക്സൈസ് സംഘം ഓഫീസിൽ എത്തിയത്. 20 മണിക്കൂർ നീണ്ട റെയ്ഡിൽ എസ്ഐടി നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. മെമ്മറി കാർഡുകളും കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകളും കസ്റ്റഡിയിൽ എടുത്തു. ഇതിന് പുറമെ 6,300 അമേരിക്കൻ ഡോളറും കണ്ടെടുത്തു.
തൃക്കാക്കര എസിപി ബിജോയ് ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 2026 സെപ്റ്റംബർ 16 ബുധനാഴ്ച രാവിലെ ആറുമണിയോടെ തുടങ്ങിയ റെയ്ഡ് 2026 സെപ്റ്റംബർ 17 വ്യാഴാഴ്ച പുലർച്ചെ 2.30-ഓടെയാണ് അവസാനിച്ചത്.
ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Reporter TV owner Anto Augustine arrested by Excise for illegal liquor possession.
#AntoAugustine #ReporterTV #ExciseRaid #KeralaPolice #KochiNews #MalayalamNews #RenuNews






