Incident | 'ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ട്രെയിൻ അപകടത്തിൽപ്പെടുത്താൻ ശ്രമം; തൃക്കരിപ്പൂരിൽ പാളത്തിൽ കല്ല് കയറ്റിവെച്ചതിനാൽ നേത്രാവതി എക്‌സ്പ്രസ് കുലുങ്ങിയാടി'
* ശബ്ദം കേട്ട ലോകോ പൈലറ്റ് ഉടൻ റെയിൽവേ അധികൃതരെ വിവരം അറിയിച്ചു
* ട്രെയിൻ നിർത്താതെ യാത്ര തുടർന്നു
തൃക്കരിപ്പൂർ: (KasargodVartha) ചെറിയ ഇടവേളയ്ക്ക് ശേഷം കാസർകോട് ജില്ലയിൽ വീണ്ടും ട്രെയിൻ അപകടത്തിൽപ്പെടുത്താൻ ശ്രമമെന്ന് അധികൃതർ. തൃക്കരിപ്പൂരിൽ പാളത്തിൽ കല്ല് കയറ്റിവെച്ചതിനാൽ നേത്രാവതി എക്‌സ്പ്രസ് കുലുങ്ങിയാടിയെന്നാണ് വിവരം. തൃക്കരിപ്പൂർ ബീരിച്ചേരി റെയിൽവേ ഗേറ്റിന് സമീപം ഞായറാഴ്ച രാത്രി റെയിൽപാളത്തിൽ കരിങ്കല്ല് നിരത്തിവെച്ചതിനെത്തുടർന്ന് വലിയ ശബ്‌ദത്തിലാണ് ട്രെയിൻ കുലുങ്ങിയാടിയത്.
തൃക്കരിപ്പൂർ-പയ്യന്നൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ഗേറ്റിന് 100 മീറ്റർ അകലെ പാളത്തിൽ നിരവധി കരിങ്കല്ലുകൾ പാകിവെച്ചാണ് ട്രെയിൻ അപകടത്തിൽപ്പെടുത്താനുള്ള ശ്രമം ഉണ്ടായതെന്ന് അധികൃതർ പറഞ്ഞു. ഞായറാഴ്ച രാത്രി 7.55ന് തിരുവനന്തപുരത്ത് നിന്നും ലോക്മാന്യതിലകിലേക്ക് പോകുന്ന നേത്രാവതി എക്സ്പ്രസ് (16346) കടന്നുപോകുമ്പോഴാണ് എൻജിൻ കുലുങ്ങിയാടിയത്. ശബ്ദം കേട്ട ലോകോ പൈലറ്റ് ഉടൻ റെയിൽവേ അധികൃതരെ വിവരം അറിയിച്ചു. ട്രെയിൻ നിർത്താതെ യാത്ര തുടർന്നു.
പയ്യന്നൂരിൽനിന്ന് എത്തിയ ജീവനക്കാരാണ് പാളത്തിൽ കല്ലുകൾ പൊടിഞ്ഞ നിലയിൽ കണ്ടെത്തിയത്.
വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ചന്തേര പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു മാസം മുമ്പ് തൃക്കരിപ്പൂർ ഒളവറ റെയിൽപാളത്തിലും കരിങ്കല്ലുകൾ കയറ്റി വെച്ച നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം ഉപ്പളയ്ക്കും കാഞ്ഞങ്ങാടിനും ഇടയിൽ ഇത്തരത്തിൽ നിരവധി സംഭവങ്ങൾ റിപോർട് ചെയ്‌തിരുന്നു.
ആർപിഎഫും -റെയിൽവെ പൊലീസും - ജില്ലാ പൊലീസ് നേതൃത്വവും കൈകോർത്ത് സംയുക്തമായി നടത്തിയ പരിശോധനയെ തുടർന്ന് ഇത്തരം സംഭവങ്ങൾ ഇല്ലാതാക്കാൻ കഴിഞ്ഞിരുന്നു. പാളത്തിൽ ഇരുമ്പ് പാളി വെച്ച് അപകടം വരുത്താൻ ശ്രമിച്ച തമിഴ് നാട് സ്വദേശിനിയായ പാഴ് വസ്തു ശേഖരിക്കുന്ന യുവതിയെ അറസ്റ്റ് ചെയ്‌തിരുന്നു. ട്രെയിനിന് കല്ലെറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത നിരവധി കുട്ടികളെ പിടികൂടി കൗൺസിലിംഗ് നടത്തിയിരുന്നു. കളനാട്ട് പഴയ ക്ലോസറ്റ് വെച്ച് ട്രെയിൻ അപകടം വരുത്താൻ ശ്രമിച്ചവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
റെയിൽവെ ട്രാക് പരിസരങ്ങളിലെ വിദ്യാലയങ്ങളിൽ ബോധവൽക്കരണ ക്ലാസ് നടത്തി ഒരു പരിധിവരെ ഇത്തരം പ്രവൃത്തികൾ തടയാൻ കഴിഞ്ഞിരുന്നു. റെയിൽ പാളത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ ട്രാകിന് സമീപം തമ്പടിച്ച് മദ്യപാനത്തിലും മറ്റും ഏർപ്പെട്ട നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സ്ഥിരം ഇത്തരം കാര്യങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ സിസിടിവി സ്ഥാപിക്കണമെന്ന നിർദേശം ഉണ്ടായിരുന്നുവെങ്കിലും ഒന്നും നടന്നിരുന്നില്ല.
ട്രെയിനിൽ പൊലീസിൻ്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെങ്കിലും പാളത്തിലെ പരിശോധനയും സുരക്ഷാ നടപടിയും നിലച്ചിരുന്നു. റെയിൽവെ സുരക്ഷാ സേനയുടെ ഉന്നത ഉദ്യോഗസ്ഥർ ട്രെയിൻ അട്ടിമറിശ്രമം അന്വേഷിക്കാൻ കാസർകോട്ട് എത്തിയിരുന്നു. ഇതിനിടെയാണ് തൃക്കരിപ്പൂർ ഭാഗത്ത് ട്രെയിൻ അപകടം ഉണ്ടാക്കാനുള്ള കുത്സിത ശ്രമങ്ങൾ ഉണ്ടായിരിക്കുന്നത്.
#trainaccident #kasargod #kerala #railwaysafety #investigation #crime