ആന്‍മേരിയുടെ കൊലപാതകം: പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു
വെള്ളരിക്കുണ്ട്: (www.kasargodvartha.com 12.11.2020) സഹോദരന്‍ ഐസ്‌ക്രീമില്‍ എലിവിഷം നല്‍കി കൊലപ്പെടുത്തിയ ബളാല്‍ അരിങ്കല്ലിലെ ബെന്നി ബെസി ദമ്പതികളുടെ മകള്‍ ആന്‍ മേരിയുടെമരണവുമായി ബന്ധപ്പെട്ട് പോലീസ് തയ്യാറകാക്കിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു.
നൂറോളും സാക്ഷിമൊഴികളും ആയിരത്തോളം പേജുകളുമുള്ള കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളരിക്കുണ്ട് സി ഐ കെ പ്രേം സദന്‍ വ്യാഴാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്കോടതി മുന്‍പാകെ സമര്‍പ്പിച്ചത്.
കാസര്‍കോട് കണ്ട സമാനതകള്‍ ഇല്ലാത്ത കൊലപാതകത്തിന്റെ നേര്‍സാക്ഷ്യമാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. നാട്ടുകാരെയും വീട്ടുകാരെയും കൂടുതല്‍ സാക്ഷികള്‍ ആക്കാതെ വിദഗ്ദ്ധരായ ആളുകളെയാണ് പോലീസ് ആന്‍മേരി കൊലപാതകവുമായി ബന്ധപെട്ട് കുറ്റപത്രത്തില്‍ സാക്ഷി മൊഴികള്‍ ആക്കിയിരിക്കുന്നത്.
ആന്‍മേരിയുടെകൊല നടന്ന രീതി
2020 ഓഗസ്റ്റ് മാസം അഞ്ചിനാണ് സഹോദരന്‍ ആല്‍ബിന്‍ ബെന്നി ഒരുക്കിയ കെണിയില്‍ പെട്ട് ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നിയുടെയും ബെസിയുടെയും മകള്‍ ആന്‍മേരി എന്ന പതിനാറു വയസുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ടത്.
ആല്‍ബിന്‍ ബെന്നി സഹോദരി ആന്‍ മേരിയെയൂറ്റൂബ് ചാനലിന്റെ സഹായത്തോടെയായിരുന്നു ഐസ്‌ക്രീമില്‍ എലിവിഷം നല്‍കി കൊലപ്പെടുത്തിയത്.ആന്‍ മേരി യുടെ മരണവുമായി ബന്ധപ്പെട്ടു പോലീസ് അറസ്റ്റ് ചെയ്ത സഹോദരന്‍ ആല്‍ബിന്‍ ബെന്നി ഇപ്പോഴും ജയിലിലാണ്.ആന്‍മേരിക്കൊപ്പം പിതാവ് ബെന്നിയെയും മാതാവ് ബെസിയെയും ആല്‍ബിന്‍ ബെന്നി വിഷം നല്‍കി കൊലപ്പെടുത്തുവാന്‍ ശ്രമിച്ചിരുന്നു.
ആന്‍മേരിക്കൊപ്പം ഐസ്‌ക്രീം കഴിച്ച പിതാവ് ബെന്നിയും ഗുരുതരാവസ്ഥയില്‍ ദിവസങ്ങളോളം ആശുപത്രില്‍ ചികിത്സയിലായിരുന്നു.ഇതുമായി ബന്ധപ്പെട്ട് വെള്ളരിക്കുണ്ട് സി ഐ കെ പ്രേംസദന്‍, എസ് ഐ ശ്രീദാസ് പുത്തൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണമാണ് ക്രൂരമായ കൊലപാതകകുറ്റകൃത്യം തെളിയാന്‍ കാരണമായത്.
കഞ്ചാവും മറ്റുതരത്തിലുള്ള മയക്കു മരുന്നുകളും ഉപയോഗിക്കുന്ന ശീലം ഉണ്ടായിരുന്ന ആല്‍ബിന്‍ ബെന്നി . സ്വന്തം അമ്മയുള്‍പ്പെടെയുള്ള കുടുംബത്തെ ഇല്ലാതാക്കാന്‍ പദ്ധതിയിടുകായിരുന്നു. അനുജത്തിക്കും പിതാവിനും ഐസ്‌ക്രീമില്‍ എലി വിഷം ചേര്‍ക്കുന്നതിന് മുന്‍പ് ആല്‍ബിന്‍ ബെന്നി വീട്ടില്‍ ഉണ്ടാക്കിയ കോഴിക്കറിയില്‍ എലിവിഷം പ്രയോഗിച്ചിരുന്നു.
എന്നാല്‍ ഇതിന്റെ അളവ് കുറഞ്ഞതിനാല്‍ ബെന്നിയും ഭാര്യ ബെസിയും മകള്‍ ആന്‍മേരിയും അന്ന് രക്ഷ പ്പെടുകയായിരുന്നു.പിന്നീട് വീണ്ടും യൂടൂബ് ചാനലില്‍ നിന്നും കൂടുതല്‍ കൊലപാതക രീതികള്‍ പഠിച്ച ആല്‍ബിന്‍ വെള്ളരിക്കുണ്ടിലെ ഒരുകടയില്‍ നിന്നും കൂടുതല്‍ അപകടകാരിയായ എലിവിഷ പേസ്റ്റ് വാങ്ങി കൈയില്‍ സൂക്ഷിച്ച ശേഷം ഐസ്‌ക്രീമില്‍ കലര്‍ത്തുകയായിരുന്നു.
ജൂലായ് മാസം 30നാണ് ഇവരുടെ വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയത്. ഇവ രണ്ടു പാത്രങ്ങളില്‍ ആക്കി. ആദ്യ ദിവസം സഹോദരി ആന്‍മേരിക്ക് ഒപ്പം അല്‍ബിനും ഐസ്‌ക്രീം കഴിച്ചു. അടുത്തദിവസമാണ് കൈയില്‍ സൂക്ഷിച്ച എലി വിഷം ബാക്കിയുള്ള ഐസ്‌ക്രീമില്‍ ചേര്‍ത്തത്. ഇത് സഹോദരിആന്‍ മേരിക്കും പിതാവ്ബെന്നിക്കും നല്‍കി. ഇവര്‍ കഴിച്ചതിന്റെ ബാക്കി അമ്മ ബെസിയും കഴിച്ചു. . അമ്മ ബെസി കുറച്ചു മാത്രമേ കഴിച്ചുള്ളൂ.
ആന്‍ മേരിക്ക് ഐസ്‌ക്രീം കഴിച്ചതിനു ശേഷം ഉണ്ടായ ചര്‍ദിയെ തുടര്‍ന്ന് വീട്ടില്‍ ബാക്കി വന്ന ഐസ്‌ക്രീം അമ്മ ബെസി വളര്‍ത്തു പട്ടികള്‍ക്ക് നല്‍കുവാന്‍ ആല്‍ബിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഐസ്‌ക്രീം പട്ടികള്‍ക്ക് നല്‍കാതെ ആല്‍ബിന്‍ ഇത് നശിപ്പിച് കളയുകയായിരുന്നുവെന്നും പട്ടികള്‍ ഇത് കഴിച്ചാല്‍ അവ ചത്തു പോകുമെന്ന് ആല്‍ബിനു അറിയാമായിരുന്നത് കൊണ്ടാണ് ഇത് ചെയ്തതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
പിതാവ് ബെന്നി മകന്റെ ദുര്‍നടപ്പ് എതിര്‍ത്തിരുന്നു. ഇതുമായി ബന്ധപെട്ടു വീട്ടില്‍ നിരന്തരം വഴക്കുകളും നടന്നിരുന്നു. സഹോദരി ആന്‍മേരിയും ആല്‍ബിന്റെ വഴിവിട്ട നീക്കങ്ങളെ എതിര്‍ത്തിരുന്നു. ഒരു അനുജന്‍ ഉള്ളത് സെമിനാരിയില്‍ പോയതിനാല്‍ ആല്‍ബിനു അനുജന്‍ തടസമായിരുന്നില്ല.
ഇടയ്ക്ക് തമിഴ് നാട്ടില്‍ ജോലി തേടി പോയ ആല്‍ബിന്‍ ഇവിടെ നിന്നുമാണ് കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ള ആളായി മാറിയതെന്ന് പോലീസ് പറയുന്നു. കൂട്ട ഹത്യയ്ക്കു കളമൊരുക്കി പെറ്റമ്മയെയും കൂടപ്പിറപ്പായ സഹോദരിയെയും പിതാവിനെയും
വകവരുത്തിയ ശേഷം അഞ്ചേക്കറോളം വരുന്ന പറമ്പും വീടും വിറ്റു കിട്ടുന്ന പണം കൊണ്ട് പുറത്തു എവിടെയെങ്കിലും പോയി ആര്‍ഭാടമായി ജീവിക്കാനായിരുന്നു ആല്‍ബിന്റെ പദ്ധതി. കൃത്യം നടന്ന് മൂന്ന് മാസത്തിനുള്ളില്‍ തന്നെ വെള്ളരിക്കുണ്ട് സി ഐ കെ പ്രേം സദന്റെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ നൂറോളം പേരെ ഈ കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്തു വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിച്ചത്.
കാസര്‍കോട് ജില്ലാ പോലീസ് ചീഫ് ഡി. ശില്പ, കാഞ്ഞങ്ങാട് ഡി വൈ എസ് പി എം പി വിനോദ് എന്നിവരുടെ മേല്‍നോട്ടത്തില്‍വെള്ളരിക്കുണ്ട് സി ഐ കെ പ്രേം സദന്‍, എസ് ഐ എം വി ശ്രീദാസ്, അഡീഷണല്‍ എസ് ഐ ജയപ്രകാശ്, എ എസ് ഐ ബിജു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മധു, സുഗണന്‍, പ്രദേഷ് ഗോപന്‍, ധനേഷ്, എന്നിവര്‍ അടങ്ങിയ സംഘമാണ് കുറ്റ പത്രം തയ്യാറാക്കിയത്.
Keywords: Vellarikundu, News, Kasaragod, Kerala, Murder, Crime, Police, court, Annemarie's murder: Police file charge sheet