പാതിരാത്രിയിൽ വാതിലിൽ മുട്ടി, ഫോൺ വിളിച്ച് ശല്യം ചെയ്തു: യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, വീഡിയോ സഹിതം

● മുഹമ്മദ് ഇർഷാദ് (28), എൻ.എസ്. അബ്ദുല്ല (30) എന്നിവരാണ് അറസ്റ്റിലായത്.
● ഹോംസ്റ്റേ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല.
● തുടർന്ന് യുവതി 112 ഹെൽപ്പ് ലൈനിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചു.
● ഹോംസ്റ്റേ റിസപ്ഷനിസ്റ്റാണ് തന്റെ നമ്പർ യുവാക്കൾക്ക് നൽകിയതെന്ന് യുവതി പറയുന്നു.
● മുൻ പരിചയമില്ലാത്തവരാണ് തന്നെ ശല്യം ചെയ്തതെന്നും യുവതി വെളിപ്പെടുത്തി.
ബേക്കൽ: (KasargodVartha) പ്രമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനായി ബേക്കലിലെ ഒരു ഹോംസ്റ്റേയിൽ താമസിക്കുകയായിരുന്ന യുവതിയായ ആങ്കറെ മദ്യലഹരിയിൽ ശല്യം ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. യുവതി സംഭവത്തെക്കുറിച്ച് വിവരിക്കുന്ന വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
ഉദുമ, കാപ്പിൽ ഹോംസ്റ്റേയിൽ വെച്ച് യുവതിയെ ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്ത മുഹമ്മദ് ഇർഷാദ് (28), എൻ.എസ്. അബ്ദുല്ല (30) എന്നിവരെയാണ് ബേക്കൽ പോലീസ് ഇൻസ്പെക്ടർ കെ.പി. ഷൈനും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. ഒരു വീഡിയോ പ്രൊമോഷൻ്റെ ഭാഗമായി വയനാട്ടിൽ നിന്നെത്തിയ യുവതിക്ക് കാപ്പിലിലെ ഹോംസ്റ്റേയിലാണ് താമസസൗകര്യം ഒരുക്കിയിരുന്നത്. ഭക്ഷണം കഴിക്കാനായി മാത്രമാണ് യുവതി വാതിൽ തുറന്നിരുന്നത്.
ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന യുവതിയെ രാത്രി 12 മണിയോടെ ഒരാൾ ഫോണിൽ വിളിക്കുകയായിരുന്നു. അപരിചിതമായ നമ്പർ ആയതുകൊണ്ട് കാൾ അറ്റൻഡ് ചെയ്തില്ല. തുടർച്ചയായി വിളിക്കാൻ തുടങ്ങിയപ്പോൾ യുവതി നമ്പർ ബ്ലോക്ക് ചെയ്തു. രണ്ട് മിനിറ്റിന് ശേഷം യുവതിയുടെ മുറിയുടെ വാതിലിൽ തട്ടിവിളിച്ച് തുറക്കാൻ ആവശ്യപ്പെട്ടു. തുറക്കാതിരുന്നപ്പോൾ മുറിയുടെ വാതിലിൽ ശക്തമായി ഇടിക്കുകയും തകർക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് വ്ലോഗർ കൂടിയായ യുവതി പറയുന്നത്.
സംഭവം ഹോംസ്റ്റേ ഉടമയെയും റിസപ്ഷനിലും അറിയിച്ചിട്ടും പ്രതികരണമുണ്ടാകാത്തതിനെ തുടർന്ന് യുവതി പോലീസിൻ്റെ ഹെൽപ്‌ലൈൻ നമ്പർ 112-ൽ വിളിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. പോലീസ് എത്തിയാണ് ശല്യപ്പെടുത്തിയ യുവാക്കളെ കസ്റ്റഡിയിലെടുത്തത്.
ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത യുവാക്കളാണ് ഇവരെന്ന് യുവതി വീഡിയോയിൽ പറയുന്നു. പോലീസ് എത്തിയ ശേഷം താൻ ബ്ലോക്ക് ചെയ്ത നമ്പറിലേക്ക് തിരിച്ചു വിളിച്ചപ്പോഴാണ് തന്നെ ശല്യപ്പെടുത്തിയ യുവാക്കളാണ് അവരെന്ന് വ്യക്തമായത്. ഒരുപാട് സ്ഥലങ്ങളിൽ ജോലിയുടെ ഭാഗമായി താമസിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇത്തരം ഒരു അനുഭവം ആദ്യമായിട്ടാണെന്നും യുവതി വീഡിയോയിൽ പറയുന്നു.
താൻ ഹോംസ്റ്റേയിൽ എത്തിയത് ഉച്ചയ്ക്ക് ശേഷം 2.53-നാണ്. എന്നാൽ യുവാക്കൾ ഹോംസ്റ്റേയിൽ മുറിയെടുത്തത് രാത്രി 11.35-നാണെന്നും യുവതി പറയുന്നു. അശ്ലീല ഭാഷയിലാണ് തന്നെ അസഭ്യം പറഞ്ഞതെന്നും, തൻ്റെ മൊബൈൽ നമ്പർ കൈമാറിയത് ഹോംസ്റ്റേയിലെ വനിതാ റിസപ്ഷനിസ്റ്റാണെന്നും സുഹൃത്തുക്കളാണെന്ന് പറഞ്ഞതുകൊണ്ടാണ് മൊബൈൽ നമ്പർ കൈമാറിയതെന്നും അവർ വ്യക്തമാക്കിയെന്നും യുവതി കൂട്ടിച്ചേർക്കുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Article Summary: Anchor harassed by two men at Bekal homestay, two arrested.
#Bekal #Kerala #Harassment #Arrest #HomestayIncident #WomenSafety