Arrested | 'എയര്‍ഫോഴ്‌സില്‍ ജോലി വാഗ്ദാനം നല്‍കി ഒരു ലക്ഷം രൂപ തട്ടിയെടുത്തു'; പ്രതിയെ കൊച്ചിയില്‍ നിന്നും പൊക്കി പൊലീസ്
കുമ്പള: (KasargodVartha) എയര്‍ഫോഴ്‌സില്‍ ജോലി വാഗ്ദാനം നല്‍കി ഒരു ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ പ്രതിയെ കൊച്ചിയില്‍ വെച്ച് പിടികൂടി പൊലീസ് . തൊടുപുഴയിലെ പി സനീഷിനെ(46) ആണ് കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ കെ പി വിനോദ് കുമാറും സംഘവും പിടികൂടിയത്. യുവാവിനെതിരെ ആറ് പൊലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു. സീതാംഗോളിയിലെ നിഖില്‍ എന്ന യുവാവിന്റെ 1,40,150 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത് എന്നാണ് പരാതി.
യുവാവിനെതിരെ നെയ്യാറ്റിന്‍കര, തൊടുപുഴ, മാള, വാരാപ്പുഴ, പൂജപ്പുര, കരിക്കുന്നം പൊലീസ് സ്റ്റേഷനുകളിലും കേസുകള്‍ ഉണ്ടെന്ന് കുമ്പള പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് കൊച്ചിയില്‍ ഉണ്ടെന്ന് പൊലീസ് ഉറപ്പ് വരുത്തി. തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഇയാളെ പിടികൂടിയത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബാബു ടി വി, പ്രമോദ് ഉദുമ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
#JobScam #KeralaNews #CrimeNews #PoliceAction #KochiCrime #AirForceFraud