Crime | വൻ ട്വിസ്റ്റ്! എഐ കാമറയിൽ ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നത് പതിഞ്ഞു; തുമ്പായത് ബൈക് മോഷ്ടാക്കളെ പിടികൂടാൻ; 2 പേർ അറസ്റ്റിൽ

● കുമ്പളയിൽ നിന്നാണ് ബൈക് മോഷ്ടിച്ചത്.
● നാല് മാസം മുൻപ് കാണാതായ ബൈകാണ് ഇപ്പോൾ കണ്ടെത്തിയത്.
● പ്രതികൾ വിവാഹ വീട്ടിൽ നിന്നാണ് ബൈക് കവർന്നത്.
കുമ്പള: (KasargodVartha) മോടോർ വാഹന വകുപ്പിൻ്റെ എഐ കാമറയിൽ ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്ന ചിത്രം പതിഞ്ഞത് ബൈക് മോഷ്ടാക്കളെ പിടികൂടുന്നതിന് തുമ്പായി. വിവാഹ വീട്ടിൽ നിന്നും ബൈക് മോഷ്ടിച്ച കേസിൽ രണ്ടു പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ രവീന്ദ്ര എന്ന ഡബ്ബി രവി (32), മുഹമ്മദ് മൻസൂർ (27) എന്നിവരെയാണ് കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ പി വിനോദ് കുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
നാല് മാസം മുമ്പ് നവംബർ ഒന്നിനും രണ്ടിനും ഇടയ്ക്കാണ് കുമ്പള പൈ കോമ്പൗണ്ടിൽ താമസിക്കുന്ന സച്ചിന്റെ ബൈക് കവർച്ച ചെയ്യപ്പെട്ടത്. സച്ചിൻ്റെ സഹോദരിയുടെ വിവാഹ ചടങ്ങ് നടക്കുന്നത് കാരണം റോഡിന് സമീപമാണ് ബൈക് നിർത്തിയിട്ടിരുന്നത്. പിറ്റേ ദിവസം രാവിലെ ബൈക് കാണാത്തതിനെ തുടർന്ന് കുമ്പള പൊലീസിൽ പരാതി നൽകിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.
ഇതിനിടെയിലാണ് കഴിഞ്ഞ ദിവസം സച്ചിന് മോടോർ വാഹന വകുപ്പിന്റെ പിഴയടക്കാനുള്ള നോടീസ് ലഭിച്ചത്. കാഞ്ഞങ്ങാട് വെച്ച് ഹെൽമെറ്റ് ധരിക്കാതെ രണ്ടു പേർ ചേർന്ന് ബൈകിൽ സഞ്ചരിച്ചതിനാണ് പിഴ ചുമത്തി കൊണ്ടുള്ള നോടീസ് സച്ചിന് ലഭിച്ചത്. ഇക്കാര്യം പൊലീസിൽ അറിയിച്ചതിനെ തുടർന്ന്, കുമ്പള ഇൻസ്പെക്ടർ കെ പി വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ എസ്ഐ കെ ശ്രീജേഷ് നടത്തിയ അന്വേഷണത്തിൽ സിസിടിവിയിൽ പതിഞ്ഞ ചിത്രത്തിലെ യുവാക്കളെ തിരിച്ചറിയുകയും പ്രതികൾ വീട്ടിലുള്ള സമയം മനസ്സിലാക്കി ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സിവിൽ പൊലീസ് ഓഫീസർമാരായ വിനോദ്, കിഷോർ, ഗിരീഷ് എന്നിവരും പ്രതികളെ പിടികൂടാനുള്ള സംഘത്തിൽ ഉണ്ടായിരുന്നു. ബുധനാഴ്ച രാത്രിയോടെ പ്രതികളെ കാസർകോട് ജുഡീഷ്യൽ മജിസ്ട്രേറ്റ്
മുമ്പാകെ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
AI cameras helped police catch bike thieves in Kasargod after helmetless riding was captured on footage, leading to the arrest of two suspects.
#KasargodCrime, #BikeTheft, #AIcameras, #PoliceAction, #HelmetLaw, #BikeRobbery