Found Dead | യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ഭാര്യയും മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
നെല്ലിക്കട്ട സ്വദേശി ഫാത്വിമ ആണ് മരിച്ചത്
കാഞ്ഞങ്ങാട്: (KasargodVartha) യുവാവിനെ കാസർകോട്ട് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ഭാര്യയും മരിച്ച നിലയിൽ. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. നെല്ലിക്കട്ട സ്വദേശി ഫാത്വിമ (42) ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം.
നോർത് കോട്ടച്ചേരി റെഡ് സ്റ്റാർ ക്ലബിന് സമീപത്തെ വാടക ക്വാർടേഴ്സിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് ചെങ്കള റഹ്മത് നഗർ കണ്ണിയടുക്കം ഹൗസിലെ കെ ഹസൈനാറിനെ (33) കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള താജ് ലോഡ്ജിൽ തിങ്കളാഴ്ച സന്ധ്യയ്ക്ക് ഏഴ് മണിയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ലോഡ്ജ് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് കാസർകോട് ടൗൺ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച വൈകീട്ടോടെ യുവതിയുടെ മരണവാർത്തയും പുറത്തുവന്നത്. ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056).