Actress Arrested | രേണുകാസ്വാമി കൊലക്കേസ്; കന്നട സൂപര്‍ താരം ദര്‍ശന് പിന്നാലെ നടി പവിത്ര ഗൗഡയും അറസ്റ്റില്‍
രേണുക സ്വാമി എന്ന 33 കാരനാണ് കൊല്ലപ്പെട്ടത്.
'മര്‍ദിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം അഴുക്ക് ചാലില്‍ തള്ളുകയായിരുന്നു.'
സാന്‍ഡല്‍വുഡിലെ പ്രധാന നിര്‍മാതാവും വിതരണക്കാരനും കൂടിയാണ് ദര്‍ശന്‍ തൂഗുദീപ.
ബെംഗ്‌ളൂറു: (KasargodVartha) രേണുകാസ്വാമി കൊലക്കേസില്‍ കന്നട സൂപര്‍ താരം ദര്‍ശന്‍ തൂഗുദീപ (47) അറസ്റ്റിലായതിന് പിന്നാലെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും പിടിയില്‍. നടിയുടെ വീട്ടില്‍നിന്ന് അന്നപൂര്‍ണേശ്വരി നഗര്‍ പൊലീസാണ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. കൊലക്കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പവിത്രയേയും കസ്റ്റഡിയിലെടുത്തത്.
കൊലപാതകത്തെക്കുറിച്ച് പവിത്ര ഗൗഡക്ക് അറിവുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ചൊവ്വാഴ്ച (11.06.2024) മൈസൂറിലെ ഫാം ഹൗസില്‍ നിന്നാണ് ദര്‍ശനെ പൊലീസ് അറസ്റ്റ് ചെയ്തതത്. ഒപ്പം ഒമ്പത് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കന്നട സിനിമാലോകത്ത് ഏറെ ആഘോഷിക്കപ്പെടുന്ന നടന്മാരില്‍ ഒരാളാണ് ദര്‍ശന്‍. സാന്‍ഡല്‍വുഡിലെ പ്രധാന നിര്‍മാതാവും വിതരണക്കാരനും കൂടിയാണ് ഇദ്ദേഹം.
കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ശനിയാഴ്ച കാമാക്ഷി പാളയത്തിലെ അപ്പാര്‍ട്മെന്റിന് സമീപത്തെ അഴുക്കുചാലിലാണ് ചിത്രദുര്‍ഗ സ്വദേശിയായ രേണുക സ്വാമി (33) എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
ദര്‍ശനും പവിത്ര ഗൗഡയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പവിത്ര ഗൗഡക്ക് രേണുക ചില സന്ദേശങ്ങള്‍ അയക്കുകയും ഇവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് കീഴില്‍ അനുചിതവും കമന്റുകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതേതുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ദര്‍ശനാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ദര്‍ശന്റെ അടുത്ത കൂട്ടാളിയായ വിനയിന്റെ രാജരാജേശ്വരി നഗറിലെ ഗാരേജില്‍വെച്ച് രേണുകയെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം കാമാക്ഷിപാളയയിലെ അഴുക്കുചാലില്‍ ഒഴുക്കുകയായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
2013ല്‍ ഛത്രികളു ഛത്രികളു സാര്‍ ഛത്രികളു എന്ന ചിത്രത്തിലൂടെ സിനിമാഭിനയരംഗത്തെത്തിയ നടിയാണ് പവിത്ര ഗൗഡ. ബത്താസ് ആണ് ശ്രദ്ധേയമായ മറ്റൊരു ചിത്രം. 2016-ല്‍ 54321 എന്ന തമിഴ് ചിത്രത്തിലും പവിത്ര അഭിനയിച്ചിരുന്നു. 10 വര്‍ഷത്തോളമായി ദര്‍ശനും പവിത്രയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം പവിത്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ദര്‍ശന്റെ ഭാര്യയായ വിജയലക്ഷ്മിയും പവിത്രയും സോഷ്യല്‍ മീഡിയയില്‍ വാക് പോരും നടത്തിയിരുന്നു.