Police Booked | വിവാഹ മോചനത്തിന് കേസ് കൊടുക്കാന്‍ സമീപിച്ച യുവതിയെ അഭിഭാഷകൻ ബലാത്സംഗം ചെയ്തതായി പരാതി
വക്കീലിനെതിരെ നടപടിയെടുക്കാൻ ബാർ കൗൺസിലിന് ശുപാർശ നൽകും
കാസര്‍കോട്: (KasargodVartha) വിവാഹമോചനത്തിന് കേസ് കൊടുക്കാന്‍ സമീപിച്ച ഭര്‍തൃമതിയെ അഭിഭാഷകൻ ബലാത്സംഗം ചെയ്തതായി പരാതി. കാസര്‍കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫ്‌ലാറ്റിൽ താമസിക്കുന്ന യുവതിയാണ് അഭിഭാഷകനെതിരെ പരാതിയുമായി രംഗത്തുവന്നത്. യുവതിയുടെ പരാതിയെത്തുടര്‍ന്ന് കാസർകോട് ബാറിലെ അഭിഭാഷകൻ നിഖില്‍ നാരായണനെതിരെയാണ് കാസര്‍കോട് വനിതാ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ, മര്‍ചന്റ് നേവി ഉദ്യോഗസ്ഥനായ യുവതിയുടെ ഭര്‍ത്താവ് വിവാഹശേഷം ജോലിക്കായി വിദേശത്തു പോവുന്നതിന് തൊട്ടുമുമ്പാണ് യുവതിക്ക് ഫ്‌ലാറ്റില്‍ താമസസൗകര്യം ഏര്‍പ്പെടുത്തിക്കൊടുത്തിരുന്നതെന്നാണ് പറയുന്നത്. പിന്നീട് ഭര്‍ത്താവും യുവതിയുമായി ദാമ്പത്യപരമായ പ്രശ്നങ്ങളുണ്ടായി. ഇതേ തുടർന്നാണ് വിവാഹമോചനത്തിന് യുവതി അഭിഭാഷകനെ സമീപിച്ചത്. അതിന് ശേഷം കേസ് സംബന്ധമായ വിവരങ്ങള്‍ ആരായുന്നതിന് ഇവര്‍ പരസ്പരം സംസാരിച്ചിരുന്നുവെന്നും ഇതിനിടയില്‍ അഭിഭാഷകൻ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നുമാണ് പരാതി.
പിന്നീട് അഭിഭാഷകൻ തന്നെ ഇടപെട്ട് യുവതിക്ക് മറ്റൊരു താമസസ്ഥലം ഏര്‍പ്പെടുത്തുകയും ഇവിടെ വെച്ചും നിരന്തരം പീഡനത്തിന് ഇരയാക്കിയെന്നുമാണ് ആരോപണം. പിന്നീട് വിവാഹ വാഗ്‌ദാനത്തിൽ നിന്നും അഭിഭാഷകൻ പിൻമാറിയതായി കാട്ടി ബാര്‍ അസോസിയേഷനിൽ ഏതാനും നാളുകൾക്ക് മുമ്പ് യുവതി പരാതിയുമായി സമീപിച്ചിരുന്നു. ഈ പരാതി ബുധനാഴ്ച ചേരുന്ന ബാർ അസോസിയേഷൻ്റെ ജനറൽ ബോഡി പരിഗണിക്കാനിരിക്കെയാണ് അഭിഭാഷകനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം, അഭിഭാഷകനെതിരെയുള്ള പരാതി പരിഗണിക്കുന്ന ജനറൽ ബോഡി ഒരു കമിറ്റി രൂപവത്കരിച്ച് അഭിഭാഷകന് നോടീസ് അയക്കുമെന്നും ഈ കമിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും ബാർ അസോസിയേഷനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ കാസർകോട് വാർത്തയോട് പറഞ്ഞു. അഭിഭാഷകവൃത്തിക്ക് നിരക്കാത്ത രീതിയിൽ പെരുമാറിയ ഇയാൾക്കെതിരെ പരാതിക്കാരി തന്നെ ബാർ കൗൺസിലിന് നേരിട്ട് പരാതി നൽകുകയാണ് വേണ്ടതെന്നും ബാർ അസോസിയേഷനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി.
കേസെടുത്ത വിവരം അറിഞ്ഞതോടെ നിഖിൽ നാരായണൻ ഒളിവിൽ പോയിരിക്കുകയാണെന്നാണ് സൂചന. ഇയാളുടെ മൊബൈൽ ഫോൺ സ്വിച് ഓഫ് ചെയ്തതിനാൽ പ്രതികരണം ലഭിച്ചിട്ടില്ല.