Warrant | കാസർകോട് സ്വദേശിനിയായ നടി ശഹനയുടെ ദുരൂഹ മരണം: ഭർത്താവിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്
● ഭർത്താവിന്റെ പീഡനമാണ് മരണകാരണമെന്ന് ബന്ധുക്കളുടെ ആരോപണം.
● സജാദിനെ ഫെബ്രുവരി 21-ന് ഹാജരാക്കണമെന്ന് കോടതി ഉത്തരവ്.
● 2022 മെയ് 13-നാണ് ശഹനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കോഴിക്കോട്: (KasargodVartha) കാസർകോട് സ്വദേശിനിയും നടിയും മോഡലുമായ ശഹന (21) യുടെ ദുരൂഹ മരണം വീണ്ടും വാർത്തകളിൽ നിറയുന്നു. ശഹനയെ കോഴിക്കോട്ടെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രതിയായി ഒളിവിലായിരുന്ന ഭർത്താവ് ചെറുവത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സജാദിനെതിരെ മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. നേരത്തെ വാറന്റ് പുറപ്പെടുവിച്ചിട്ടും സജാദ് കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 21-ന് സജാദിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനാണ് ഉത്തരവ്.
2022 മെയ് 13-നാണ് ശഹനയെ പറമ്പിൽ ബസാറിനടുത്തുള്ള വാടക വീട്ടിൽ ഭർത്താവ് സജാദിനൊപ്പം താമസിക്കവെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃപീഡനം മൂലമാണ് ശഹന മരിച്ചതെന്നാണ് കേസ്. ശഹനയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് സജാദിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. ശഹനയുടെ കാസർകോട്ടെ വീട്ടിൽ നിന്ന് കണ്ടെത്തിയ ഡയറിയിൽ ഭർത്താവ് സജാദും, സഹോദരിയും, സഹോദരി ഭർത്താവും, ഭർത്താവിന്റെ മാതാവും നിരന്തരം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി ആരോപിച്ചിരുന്നു.
ശഹന ആത്മഹത്യ ചെയ്തതാണെന്ന് സജാദ് പറഞ്ഞെങ്കിലും, ഇവർ താമസിച്ചിരുന്ന വാടക വീട്ടിലെത്തിയ ആരും ശഹനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. വാതിൽ തുറന്ന നിലയിൽ സജാദിന്റെ മടിയിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിലാണ് അയൽവാസികൾ ശഹനയെ കണ്ടത്. കെട്ടിട ഉടമ ജാസർ പൊലീസിന് നൽകിയ മൊഴിയും, ശഹനയുടെ മൊബൈൽ ഫോണിൽ അവസാനം ലഭിച്ച ചാറ്റിങ് സന്ദേശങ്ങളും പൊലീസ് അന്വേഷിച്ചിരുന്നു.
സജാദ് വാടകയ്ക്ക് താമസിച്ചിരുന്ന ചെറുകുളം ബസാറിനടുത്തുള്ള വീട്ടിൽ ഇപ്പോൾ മറ്റൊരാളാണ് താമസിക്കുന്നതെന്നും, പ്രതി എവിടെയാണെന്ന് കണ്ടെത്താനായില്ലെന്നും ചേവായൂർ പൊലീസ് കോടതിയിൽ റിപോർട് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കേസിന്റെ തുടരന്വേഷണവും പ്രതിയെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഷോർട് ഫിലിമുകളിലും പരസ്യ ചിത്രങ്ങളിലും അടക്കം അഭിനയിച്ചിട്ടുള്ള ശഹനയുടെ അകാലത്തിലുള്ള മരണം വലിയ ദുഃഖത്തിന് ഇടയാക്കിയിരുന്നു.
#Shahana #KeralaCrime #DomesticViolence #MalayalamActress #ArrestWarrant #JusticeForShahana