Microfinance Scam | കർണാടകയിലെ പ്രമുഖ ക്ഷേത്രത്തിന്റെ പേരിലുള്ള മൈക്രോഫിനാൻസ് വായ്‌പ വഴി കോടികളുടെ തട്ടിപ്പെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ

● 'അതിർത്തി പ്രദേശങ്ങളിലാണ് തട്ടിപ്പ് നടക്കുന്നത്'
● 'കുടുംബശ്രീ മാതൃകയിലുള്ള സ്വയം സഹായ സംഘങ്ങളുണ്ടാക്കിയാണ് തട്ടിപ്പ്'
● 'ക്ഷേത്രത്തിന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് വിശ്വാസം ചൂഷണം ചെയ്യുന്നു'
● 'വായ്പയെടുത്തവർക്ക് രേഖകളോ രസീതോ ലഭിക്കില്ല'
കാസർകോട്: (KasargodVartha) കർണാടകയിലെ പ്രമുഖ ക്ഷേത്രത്തിന്റെ പേരിലുള്ള മൈക്രോ ഫിനാൻസ് വായ്‌പ വഴി കർണാടകയിലും കേരളത്തിലെ അതിർത്തി പ്രദേശങ്ങളിലുമായി കോടികളുടെ തട്ടിപ്പ് നടക്കുന്നതായി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കുടുംബശ്രീ മാതൃകയിലുള്ള സ്വയം സഹായസംഘങ്ങളുണ്ടാക്കി ക്ഷേത്ര ധർമസ്ഥല റൂറൽ ഡവലപ്‌മെന്റ് പ്രോഗ്രാം ബാങ്ക് ബിസിനസ് കറസ്‌പോൻഡന്റ് ട്രസ്‌റ്റിന്റെ (എസ്‌കെഡിആർപി ബിസി ട്രസ്‌റ്റ്) പേരിലാണ് മൈക്രോ ഫിനാൻസ് വായ്‌പാ വിതരണവും പണപ്പിരിവുന്നാണ് ഇവരുടെ ആരോപണം.
ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നത് ഇങ്ങനെ: 'കർണാടകയിലും കാസർകോട് ജില്ലയിലുമായി 64 ലക്ഷം പേരെ അംഗങ്ങളാക്കി 10 രൂപ മുതൽ 100 രൂപ വരെ ആഴ്‌ചയിൽ പണം പിരിച്ചാണ് വായ്‌പ നൽകുന്നത്. കാസർകോട് ജില്ലയിൽ മാത്രം ആറുലക്ഷം അംഗങ്ങളുണ്ട്. കർണാടകയിൽ കുടുംബശ്രീ മാതൃകയിലുള്ള സഞ്ജീവനി പദ്ധതിയിൽ 3.5 ശതമാനത്തിന് വായ്‌പയുണ്ട്. സ്വയം സഹായ സംഘങ്ങൾക്കാണ് വായ്പ നൽകുന്നത്. ഈ വായ്‌പ എസ്‌കെഡിആർപി ബിസി ട്രസ്‌റ്റിന്റെ പേരിലുണ്ടാക്കിയ സ്വയം സഹായസംഘങ്ങളുടെ പേരിൽ ട്രസ്‌റ്റിലെ വട്ടിപ്പലിശക്കാർ വാങ്ങും.
ഇവർ 13 ശതമാനത്തിലും കൂടുതൽ പലിശക്ക് സ്വയംസഹായ അംഗങ്ങൾക്കും നൽകും. ബാങ്ക് അക്കൗണ്ട് പാസ് ബുക്കോ, വാങ്ങിയ പണത്തിന് രസീതോ നൽകില്ല. ഓൺലൈൻ ഇടപാടുമില്ല. ആഴ്‌ചയിൽ നൂറുകോടിയിലധികം രൂപ നേരിട്ടുള്ള കറൻസിയാണ് സംഘം കൈപ്പറ്റുന്നത്. വായ്‌പക്കാരെ ഇൻഷൂറൻസ് ചെയ്യാൻ എന്ന പേരിലും പണം കൈപ്പറ്റുന്നു'.
ട്രസ്‌റ്റിൽ നിന്നും മൂന്നുലക്ഷം വായ്‌പ വാങ്ങിയ താൻ രണ്ടു ലക്ഷം അടച്ചിട്ടും ഇനിയും 2.80 ലക്ഷം രൂപ തിരിച്ചടക്കണം എന്നാണ് ട്രസ്‌റ്റിലെ ആഴ്‌ചപ്പിരിവുകാർ ഭീഷണിപ്പെടുത്തുന്നതെന്ന് ആദൂരിലെ ആർ ഗിരീഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കർണാടകത്തിൽ ഇവരുടെ മൈക്രോ ഫിനാൻസ് വായ്‌പാത്തട്ടിപ്പിൽ നാലുപേർ ആത്മഹത്യ ചെയ്‌തതായും 41 കേസ് എടുത്തതായും കലബുർഗിയിലെ മുൻ പൊലീസ് ഓഫീസർ കൂടിയായ ഗിരീഷ് മണ്ണട്ടവർ ആരോപിച്ചു.
20 വർഷത്തിലധികമായി കാസർകോട് ജില്ലയിലും ഈ ട്രസ്‌റ്റ് സജീവമാണ്. ധർമസ്ഥല ക്ഷേത്രത്തിന്റെയും അധികാരി വീരേന്ദ്ര ഹെഗ്‌ഡെയുടെയും കുടുംബാംഗങ്ങളുടെയും ചിത്രം പതിപ്പിച്ച പാസ് ബുക്കാണ് പണപ്പിവിരിവിനായി ഉപയോഗിക്കുന്നതെന്നും ഇവർ ആരോപിച്ചു. ജില്ലയിലെ ധർമസ്ഥല മൈക്രോ ഫിനാൻസ് വായ്‌പ തട്ടിപ്പ് സമഗ്രമായി അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് ഇവർ പരാതി നൽകിയിട്ടുണ്ട്. പരാതികൾ ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നുണ്ട്. കേരളത്തിൽ ഇക്കാര്യത്തിൽ കേസെടുത്താൽ, കർണാടകയിലും പൊലീസ് നടപടി സജീവമാകുമെന്നും ഇവർ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ മഹേഷ് ഷെട്ടി, ടി ജയന്ത്, കെ അശോക എന്നിവരും പങ്കെടുത്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Action Committee accuses a microfinance scheme linked to a prominent Karnataka temple of scamming millions through illegal loan schemes and high interest rates.
#MicrofinanceScam #KarnatakaTemple #LoanFraud #ActionCommittee #ConsumerRights #Kasaragod