Arrested | വിരലടയാളം പതിഞ്ഞത് പുലിവാലായി; നീലേശ്വരത്ത് പട്ടാപ്പകൽ നടന്ന മോഷണ കേസിലെ പ്രതി 24 മണിക്കൂറിനകം അറസ്റ്റിലായി
മയക്കുമരുന്ന് കേസിലും അടിപിടി കേസിലുമൊക്കെ പ്രതിയാണ്
നീലേശ്വരം: (KasargodVartha) വിരലടയാളം പതിഞ്ഞത് പുലിവാലായതോടെ നീലേശ്വരത്ത് പട്ടാപ്പകൽ നടന്ന മോഷണ കേസിലെ പ്രതി 24 മണിക്കൂറിനകം അറസ്റ്റിലായി. 16 കേസുകളിൽ പ്രതിയായ ഹൊസ്ദുർഗ് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പി എച് ആസിഫിനെ (22) യാണ് നീലേശ്വരം സിഐ കെവി ഉമേഷന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്ഐ ടി വിശാഖും സംഘവും ബുധനാഴ്ച അറസ്റ്റ് ചെയ്തത്.
മോഷണം നടന്ന വീട്ടിൽ നിന്ന് ലഭിച്ച വിരലടയാളമാണ് പ്രതിയെ കുടുക്കിയത്. പള്ളിക്കര സെന്റ് ആൻസ് യുപി സ്കൂളിന് സമീപത്തെ വ്യാപാരിയായ മേലത്ത് സുകുമാരന്റെ വീട്ടിലാണ് ചൊവ്വാഴ്ച ഉച്ചക്ക് 1.45 മണിയോടെ കവർച്ച നടന്നത്. സുകുമാരന്റെ ഭാര്യ കടയിൽ ഭർത്താവിന് ഭക്ഷണം കൊണ്ടുകൊടുത്ത ശേഷം അയൽപക്കത്തെ വീട്ടമ്മയുമായി സംസാരിച്ചുകൊണ്ട് നിൽക്കുന്നതിനിടെ കള്ളൻ അടുക്കള ഭാഗത്തെ ഗ്രിൽസ് തുറന്ന് മതിൽ ചാടി ഓടി രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ നിന്നും എസ്ഐമാരായ ടി വിശാഖ്, മധുസൂദനൻ മടിക്കൈ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താനായിരുന്നില്ല. വിരലടയാളം ശേഖരിച്ച് നടത്തിയ സമർഥമായ അന്വേഷണത്തിലൂടെയാണ് മോഷണം നടന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പിടികൂടാൻ കഴിഞ്ഞത്.
2018ൽ ഹൊസ്ദുർഗിലും 2021ൽ പയ്യന്നൂരിലും നടന്ന കളവ് കേസുകളിലും 2022 ൽ ഹൊസ്ദുർഗിൽ നടന്ന മയക്കുമരുന്ന് കേസിലും അതേവർഷം ഹൊസ്ദുർഗിൽ നടന്ന അടിപിടി കേസിലും യുവാവ് പ്രതിയാണ്. നീലേശ്വരം പൊലീസ് സ്റ്റേഷനിലെ മൂന്ന് കേസുകളിലും ചീമേനിയിൽ രണ്ട് കേസുകളിലും പയ്യന്നൂർ, ചന്തേര, പഴയങ്ങാടി കണ്ണൂർ, വളപട്ടണം എന്നിവിടങ്ങളിലടക്കം 16 കളവ് കേസുകളിലും പ്രതിയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു.