Arrested | വീട് കവർച്ച, മാലപൊട്ടിക്കൽ, പിടിച്ചുപറി അടക്കം 20 കേസുകളിൽ പ്രതിയായ യുവാവിനെ കർണാടകയിൽ നിന്ന് സാഹസികമായി കീഴടക്കി
കുമ്പള: (KasaragodVartha) വീട് കവർച്ച, മാലപൊട്ടിക്കൽ, പിടിച്ചുപറി അടക്കം 20 കേസുകളിൽ പ്രതിയായ യുവാവിനെ കർണാടകയിൽ നിന്ന് പൊലീസ് സാഹസികമായി കീഴടക്കി. ബണ്ട് വാൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് അലി എന്ന അത്രു (38) ആണ് അറസ്റ്റിലായത്. കർണാടക ബിസി റോഡിൽ വെച്ചാണ് മുഹമ്മദ് അലിയെ കീഴടക്കിയത്.
കാസർകോട് ജില്ലയിൽ മാത്രം 14 കേസുകൾ യുവാവിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വയനാട്ടിൽ നിന്നും അറസ്റ്റിലായ നിരവധി കേസുകളിൽ പ്രതിയായ ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ സുഹൈലിന്റെ കൂട്ടാളിയാണ് മുഹമ്മദ് അലിയെന്ന് പൊലീസ് പറഞ്ഞു.
മഞ്ചേശ്വരം, കുമ്പള, ബദിയഡുക്ക, നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധികളിലാണ് മുഹമ്മദ് അലിക്കെതിരെ മാലപൊട്ടികൾ അടക്കമുള്ള കേസുള്ളത്. കഴിഞ്ഞ മാസം 27ന് കുമ്പള ചേവാറിലെ മധ്യവയസ്‌കനായ ഗോപാലകൃഷ്ണ ഭട്ട് കൃഷിയിടത്തിൽ വെള്ളം നനക്കാൻ പോകുന്നതിനിടെ ബൈകിലെത്തി മാലപൊട്ടിച്ച കേസിൽ രണ്ടാം പ്രതിയാണ് മുഹമ്മദ് അലി. സുഹൈൽ ഈ കേസിൽ ഒന്നാം പ്രതിയാണ്.
കുമ്പള എസ് ഐ ടി എം വിപിൻ, പൊലീസുകാരായ മനു, ഗോകുൽ, സുഭാഷ്, രതീഷ്, വിനോദ്, ഗീത, ഗീരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റിലായ യുവാവിനെ വൈകീട്ടോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.