Arrested | '16 കേസുകളിൽ പ്രതി'; പിടികിട്ടാപ്പുള്ളിയായ കാസർകോട് സ്വദേശിയെ വയനാട്ടിലെ ഒളിത്താവളത്തിൽ നിന്നും പൊക്കി പൊലീസ്
പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുന്നു
ബദിയഡുക്ക: (KasaragodVartha) മോഷണം, പിടിച്ചുപറി തുടങ്ങി 16 കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ വയനാട്ടിലെ ഒളിത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടി. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് സുഹൈലിനെ (32) യാണ് കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം വയനാട് കണിച്ചിറ പൊലീസ് ഇൻസ്പെക്ടർ ടി ജി ദിലീപിൻ്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.
വയനാട്ടിൽ ഒളിവിൽ കഴിഞ്ഞത് വടകേരി എന്ന സ്ഥലത്തായിരുന്നു. ഇവിടെ കോഴിക്കടയിൽ ജോലി ചെയ്തുവരികയായിരുന്നു പ്രതിയെന്നും യുവാവിനെ കീഴടക്കാൻ ബലപ്രയോഗം വേണ്ടിവന്നതായും പൊലീസ് പറഞ്ഞു. യുവാവ് ഏതാനും കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള ആളാണെന്നു പൊലീസ് വ്യക്തമാക്കി.
വിദ്യാനഗർ, കുമ്പള സ്റ്റേഷനുകളിൽ കേസുകളുണ്ട്. കാസർകോട്ടെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുന്നു. ചോദ്യം ചെയ്യലിൽ കൂടുതൽ കേസുകൾക്ക് തുമ്പാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.