Court Verdict | അബ്ദുൽ സലാം വധം: വിധി കേട്ടിട്ടും കൂസലില്ലാതെ പ്രതികൾ; ഗുണ്ടായിസത്തിനെതിരെയുള്ള വിധിയെന്ന് ഡിവൈഎസ്പി; പ്രതികൾക്ക് ലഭിച്ചത് കടുത്ത ശിക്ഷയെന്ന് പ്രോസിക്യൂടർ
● 302 റെഡ് വിത്ത് 149 ഐപിസി വകുപ്പ് പ്രകാരമാണ് ശിക്ഷ വിധിച്ചത്.
● 2017 ഏപ്രിൽ 30 ന് വൈകിട്ടാണ് പൊട്ടോരിമൂലയിലെ അബ്ദുൽ സലാമിനെ മൊഗ്രാൽ മാളിയങ്കര കോട്ടയിൽ വെച്ച് കഴുത്തറുത്ത് കൊന്നത്.
● കേസിൽ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേരെ കോടതി വെറുതെ വിട്ടിരുന്നു.
കാസർകോട്: (KasargodVartha) യുവാവിനെ തലയറുത്ത് കൊന്ന് ആ തല മൈതാനത്ത് കൊണ്ടുപോയി പന്ത് തട്ടിക്കളിച്ച കേസിൽ കോടതിയിൽ നിന്നുള്ള കടുത്ത ശിക്ഷാ വിധി കേട്ടിട്ടും കൂസലില്ലാതെ പ്രതികൾ. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ പേരാലിലെ അബ്ദുൽ സലാമിനെ കഴുത്തറുത്ത് കൊന്ന് തല മൈതാനത്ത് കൊണ്ടുപോയി പന്ത് കളിച്ച കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ മാങ്ങാമുടി സിദ്ദീഖ് എന്ന സിദ്ദീഖ് (39), ഉമ്മര്‍ ഫാറൂഖ് (29), സഹീര്‍ (32), നിയാസ് (31), ലത്തീഫ് (36), ഹരീഷ് (29), മാളിയങ്കര ലത്തീഫ് (32) എന്നിവരെയാണ് കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജ് കെ പ്രിയ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
302 റെഡ് വിത്ത് 149 ഐപിസി വകുപ്പ് പ്രകാരമാണ് ശിക്ഷ വിധിച്ചത്. ഇത് കൂടാതെ 143,147,148 വകുപ്പ് പ്രകാരം മൂന്ന് മാസം തടവിനും, 324, 326 വകുപ്പുകൾ പ്രകാരം രണ്ട് വർഷം തടവിനും 25,000 രൂപ പിഴയടക്കാനും, 307 വകുപ്പുകൾ പ്രകാരം അഞ്ച് വർഷം തടവിനും 25,000 രൂപാ വീതം തടവിനും ശിക്ഷിച്ചിട്ടുണ്ട്. പഴയടക്കുന്ന സംഖ്യയിൽ രണ്ട് ലക്ഷം രൂപ പ്രതികൾ വെട്ടി പരിക്കേൽപ്പിച്ച അബ്ദുൽ സലാമിൻ്റെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് നൗശാദിന് നൽകാനും നാല് ലക്ഷം രൂപ കൊല്ലപ്പെട്ട സലാമിൻ്റെ വീട്ടുകാർക്ക് നൽകണമെന്നും വിധിയിൽ കോടതി വ്യക്തമാക്കി.
2017 ഏപ്രിൽ 30 ന് വൈകിട്ടാണ് പൊട്ടോരിമൂലയിലെ അബ്ദുൽ സലാമിനെ മൊഗ്രാൽ മാളിയങ്കര കോട്ടയിൽ വെച്ച് കഴുത്തറുത്ത് കൊന്നത്. സലാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് നൗശാദിനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. സലാമിനെ കഴുത്തറുത്ത് കൊന്ന ശേഷം പ്രതികൾ തല മൈതാനത്ത് കൊണ്ടുപോയി ഫുട്ബോൾ കളിച്ചുവെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. കേസിൽ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേരെ കോടതി വെറുതെ വിട്ടിരുന്നു.
പൊലീസിന് വിവരം നൽകി സിദ്ദീഖിന്റെ മണൽ ലോറി സലാം പിടിപ്പിച്ചതും 29ന് പുലര്‍ച്ചെ മൂന്ന് മണിക്ക് വീട്ടില്‍ കയറി ഉമ്മയേയും സിദ്ദീഖിനെയും ഭീഷണിപ്പെടുത്തിയതും ആണ് ക്രൂരമായ കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടർ ജി ചന്ദ്രമോഹനും അഡ്വ. ശ്രീകലയുമാണ് ഹാജരായത്. കുമ്പള സി ഐയായിരുന്ന ഇപ്പോഴത്തെ ബേക്കൽ ഡി വൈ എസ് പി വിവി മനോജ് ആണ് കേസ് സമർത്ഥമായി അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ഗുണ്ടായിസത്തിനെതിരെയുള്ള ശക്തമായ താക്കീതാണ് കോടതി വിധിയെന്ന് ഡിവൈഎസ്പി വിവി മനോജ് മാധ്യമങ്ങളോട് പ്രതികരിച്ചു. കുറ്റവാളികൾക്ക് അർഹിക്കുന്ന പരാമാവധി ശിഷയാണ് കോടതിയിൽ നിന്നും ഉണ്ടായതെന്ന് പബ്ലിക് പ്രോസിക്യൂടർ ജി ചന്ദ്രമോഹൻ പറഞ്ഞു. കേസിൽ ഹൈകോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പ്രതികരിച്ചു. വിശദമായ കോടതി വിധി ലഭിച്ച ശേഷം 30 ദിവസത്തിനകം തന്നെ ഹൈകോടതിയെ സമീപിക്കാനാണ് തീരുമാനം.
#AbdulSalam #Murder #CourtVerdict #Justice #HarshSentence #Kasaragod