Police Booked | ഭർത്താവ് മുത്വലാഖ് ചൊല്ലിയെന്ന് പരാതി; ഗാർഹിക പീഡനത്തിന് ഭർത്താവും ബന്ധുക്കളും അടക്കം 8 പേർക്കെതിരെ കേസ്
കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം
കുമ്പള: (KasaragodVartha) യുവതിയെ ഭർത്താവ് മുത്വലാഖ് ചൊല്ലിയതായി പരാതി. ഇതിന് പിന്നാലെ ഗാർഹിക പീഡനത്തിന് ഭർത്താവും ബന്ധുക്കളും അടക്കം എട്ട് പേർക്കെതിരെ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിവാഹശേഷം യുവതിയുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കിയ ഭർത്താവും ബന്ധുക്കളും കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. ഇതിൽ ഗാർഹിക പീഡന നിരോധന നിയമപ്രകാരം മൂന്ന് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ 22 കാരിയുടെ പരാതിയിലാണ് ഭർത്താവ് അബ്ദുൽ നിർശാദ്, ബന്ധുക്കളായ സൈനബ്, റാശിദ, എന്നിവർക്കെതിരെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തത്. 2020 ഒക്ടോബർ 30നായിരുന്നു ഇവരുടെ വിവാഹം.
തുടർന്ന് യുവതിയുടെ വീട്ടുകാർ വിവാഹ സമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ കൈക്കലാക്കിയ പ്രതികൾ കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് പീഡിപ്പിക്കുകയും ജൂൺ നാലിന് ഭർത്താവ് മുത്വലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.