Arrested | സ്‌കൂടറിൽ കാറിടിച്ച് യുവാവിനെ തട്ടിക്കൊണ്ട് പോയെന്ന കേസിൽ കാസർകോട് സ്വദേശികളായ 5 പേർ കണ്ണൂരിൽ അറസ്റ്റിൽ
കണ്ണൂർ: (KasaragodVartha) സ്‌കൂടറിൽ കാറിടിച്ച് വീഴ്ത്തി യുവാവിനെ തട്ടിക്കൊണ്ട് പോയെന്ന കേസിൽ കാസർകോട് രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അഞ്ച് പേരെ ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്‌തു. ചെക്കിക്കുളം കുണ്ടലക്കണ്ടി സ്വദേശി ഇ പി സുറൂറിനെ (42) തട്ടിക്കൊണ്ടുപോയ കേസിലാണ് എസ് കെ റിയാസ്, ജ്യോബിഷ്, എസ് കെ ശമ്മാസ്, എസ് കെ അമർ, ഉനൈസ് അൻസാരി എന്നിവരെ ചക്കരക്കൽ എസ്ഐ ബിനു തോമസും സംഘവും അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ പത്തോടെ മുണ്ടേരി കൈപ്പക്കയിൽമെട്ടയിൽ സുറൂർ സഞ്ചരിച്ച സ്‌കൂടർ ഇടിച്ചുവീഴ്ത്തിയ സംഘം ഇയാളെ ബലമായി പിടിച്ച് കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു എന്നാണ് കേസ്. ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് വിവരം പൊലീസിൽ വിളിച്ചറിയിച്ചത്. ഇതേതുടർന്ന് യുവാവിന്റെ മൊബൈൽ ഫോൺ ടവർ ലൊകേഷൻ കേന്ദ്രീകരിച്ച് രാജപുരം, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ ഭാഗങ്ങളിലേക്ക് ചക്കരക്കൽ പൊലീസ് കാസർകോട് പൊലീസിന്റെ സഹായത്തോടെ പിന്തുടർന്നെത്തി.
പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയ പ്രതികൾ ഭീമനടിയിൽ കാർ നിർത്തി കണ്ണൂർ ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസിൽ യുവാവിനെ കയറ്റിവിടുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുറൂർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഭീമനടിയിൽനിന്ന് സംഘത്തിലെ ഒരാളെ പിടികൂടുകയും കാർ കസ്റ്റഡിലെടുക്കുകയുമായിരുന്നു. മറ്റ് നാല് പേരെ പിന്നീട് അറസ്റ്റ് ചെയ്‌തു. വാഹനവിൽപന സംബന്ധിച്ചുള്ള സാമ്പത്തിക ഇടപാടാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവം കണ്ണൂർ, കാസർകോട് പൊലീസിനെ ഏറെ നേരം വട്ടം കറക്കിയിരുന്നു.