Investigation | യുവാക്കൾക്ക് കുത്തേറ്റ സംഭവത്തിൽ 5 പേർ പൊലീസ് പിടിയിൽ; ആരാധനാലയത്തിന് മുന്നിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിന് ബിജെപി പ്രവർത്തകർക്കെതിരെയും കേസ്
മംഗ്ളുറു: (KasaragodVartha) നരേന്ദ്ര മോദി സർകാരിന്റെ സത്യപ്രതിജ്ഞാ ദിവസം രാത്രി മസ്ജിദിനരികെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ രണ്ട് ബിജെപി പ്രവർത്തകർക്ക് കുത്തേറ്റ സംഭവത്തിൽ അഞ്ച് യുവാക്കൾ അറസ്റ്റിൽ. മംഗ്ളുറു ഇന്നോളി സ്വദേശികളായ നന്ദകുമാർ (24), ഹരീഷ് (41) എന്നിവർക്കാണ് കുത്തേറ്റത്. മുഹമ്മദ് ശാഖിർ (28), അബ്ദുർ റസാഖ് (40), അബൂബകർ സിദ്ദിഖ് (35), സവാദ് (18), മോനു (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു ബിജെപി പ്രവർത്തകനായ കൃഷ്ണകുമാറിനെയും അക്രമികൾ ആക്രമിച്ചതായി പൊലീസ് പറഞ്ഞു .
ബോളിയാർ ജുമാ മസ്ജിദിന് സമീപം ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മസ്ജിദിനു മുന്നിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിനും ശല്യമുണ്ടാക്കിയതിനും ബിജെപി പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ബൊളിയാർ ജുമാമസ്ജിദ് കമിറ്റി പ്രസിഡൻറ് പി കെ അബ്ദുല്ലയുടെ പരാതിയിലാണ് സുരേഷ്, വിനയ്, സുഭാഷ്, രഞ്ജിത്, ധനജയ എന്നീ ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തത്.
'ബോളിയാർ ജുമാ മസ്ജിദിന് മുന്നിലൂടെ കടന്നുപോകുമ്പോൾ മൂന്ന് ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയായിരുന്നു. തുടർന്ന് 20-25 മുസ്ലീം യുവാക്കൾ ബൈകിൽ ഇവരെ പിന്തുടർന്നു. രണ്ട് കിലോമീറ്റർ അകലെ ബാറിന് മുന്നിൽ മൂന്ന് പേരെയും തടഞ്ഞുനിർത്തി, അവിടെയുണ്ടായ തർക്കമാണ് കത്തിക്കുത്തിലേക്കും ആക്രമണത്തിലേക്കും നയിച്ചത്', പോലീസ് പറഞ്ഞു.
കുത്തേറ്റവരിൽ ഒരാൾ അപകടനില തരണം ചെയ്തതായും മറ്റൊരാൾ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായതായും പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം അക്രമത്തിൽ സർകാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നിയുക്ത ദക്ഷിണ കന്നഡ എംപി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട ആവശ്യപ്പെട്ടു. ബിജെപി പ്രവർത്തകർക്ക് നേരെ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. മുമ്പ് ബെൽത്തങ്ങാടിയിലും ഉള്ളാളിലും നടന്ന രണ്ട് സംഭവങ്ങളിലും പൊലീസിൻ്റെ ഭാഗത്തുനിന്നുണ്ടായ നിഷ്‌ക്രിയത്വമാണ് ഇതിന് വഴിയൊരുക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ, കത്തിക്കുത്തിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുകളില്ലെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവു പ്രതികരിച്ചു. സംഭവത്തിന് കാരണം എന്തുമാകാം. നിയമം കയ്യിലെടുക്കുന്നത് അനുവദിക്കാനാകില്ല. ചിലർ പ്രകോപിപ്പിച്ചിട്ടുണ്ടാകും. എന്നിരുന്നാലും സംയമനം പാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. നിയമം കൈയിലെടുക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.