Arrested | 'യുവാവ് നാട്ടിൽ പൊടുന്നന്നെ അതിസമ്പന്നനായി; 60,000 രൂപ മാസം വാടകയുള്ള കെട്ടിടം ഗോഡൗൺ'; ജോലിയറിഞ്ഞ് പൊലീസും ഞെട്ടി! 5 പേർ അറസ്റ്റിൽ
കോഴിക്കോട്: (KasaragodVartha) ദേശീയപാത നിർമാണ സ്ഥലങ്ങളിൽ നിന്നും വിവിധ സാമഗ്രികൾ മോഷ്ടിച്ച് വിൽപന നടത്തുന്ന അഞ്ചംഗ സംഘം അറസ്റ്റിൽ. അസം സ്വദേശികളായ രഹ്‌ന ഖാത്തൂൻ (30), അയ്നാൽ അലി, മൊയ്‌നാൽ അലി, ജ്യോലാൻ അലി, മിയാൻ അലി എന്നിവരെയാണ് കോഴിക്കോട് പന്തീരാങ്കാവ് എസ് എച് ഒ കെപി വിനോദ് കുമാറും സംഘവും അറസ്റ്റ് ചെയ്‌തത്.
ആക്രി കച്ചവടം നടത്തിയിരുന്ന മൊയ്‌നാൽ അലി നാട്ടിൽ പൊടുന്നനെ അതിസമ്പന്നനായതിനെ തുടർന്ന് പ്രദേശവാസികൾക്ക് ഉണ്ടായ സംശയമാണ് മോഷണം പുറത്തുവരാൻ കാരണമായത്. കോഴിക്കോട്ടെ ജാഫ്‌കോ കൺസ്ട്രക്ഷൻ കംപനിയുടെ ഇരുമ്പു കമ്പികൾ കവർന്ന കേസിലാണ് ഇവർ അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ കൂടത്തുംപാറയിലെ ഗോഡൗണിൽ നിന്ന് കൺസ്ട്രക്ഷൻ കംപനിയുടെ ഒമ്പത് ലക്ഷം രൂപയുടെ ഇരുമ്പ് കമ്പികളാണ് പൊലീസ് കണ്ടെടുത്തത്.
'ദേശീയപാത നിർമാണ സ്ഥലങ്ങളിൽ നിന്നും മോഷ്ടിക്കുന്ന സാധനങ്ങൾ ലോറികളിൽ കയറ്റി അയക്കുകയായിരുന്നു ഇവരുടെ രീതി. അർധ രാത്രി ഒരു മണിക്കും അഞ്ച് മണിക്കും ഇടയിൽ സൈകിളുകളിലെത്തിയാണ് ഇവർ മോഷണം നടത്തിയിരുന്നത്. കവർച്ച ചെയ്ത വസ്തുക്കൾ കൂടത്തുംപാറയിലെ ഗോഡൗണിലാണ് സൂക്ഷിച്ചിരുന്നത്. പ്രതിമാസം 60,000 രൂപയായിരുന്നു ഗോഡൗണിന്റെ വാടക. പിടിയിലാകുന്നതിന് ഒരു ദിവസം മുമ്പ് ഒരുകോടി രൂപയുടെ മോഷണവസ്തുക്കൾ കയറ്റി അയച്ചിരുന്നു', പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. കേരളത്തിൽ വിവിധയിടങ്ങളിൽ നടന്ന മോഷണങ്ങളിലും ഇവർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.