Conviction | 'പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു'; പ്രതിക്ക് വിവിധ വകുപ്പുകൾ പ്രകാരം 49 വർഷം കഠിന തടവ്
● 2021ൽ ആണ് കേസിനാധാരമായ സംഭവം നടന്നത്
● ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്
● 3,60,000 രൂപ പിഴയും വിധിച്ചു
കാഞ്ഞങ്ങാട്: (KasargodVartha) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് വിവിധ വകുപ്പുകൾ പ്രകാരം 49 വർഷം കഠിന തടവും 3,60,000 രൂപ പിഴയും വിധിച്ചു. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗോപി (51) യെയാണ് ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക് പ്രത്യേക കോടതി ജഡ്ജ് പി സുരേഷ് ശിക്ഷിച്ചത്.
ഇൻഡ്യൻ ശിക്ഷാ നിയമം 376(3) വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും 1,50,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവും, 354 (എ)(1)(i) വകുപ്പ് പ്രകാരം രണ്ട് വർഷം കഠിന തടവും 5,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവും, 451 വകുപ്പ് പ്രകാരം 2 വർഷം കഠിന തടവും 5,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവുമാണ് ശിക്ഷ.
കൂടാതെ പോക്സോ നിയമം 6(1) റെഡ് വിത് 5(l) പ്രകാരം 20 വർഷം കഠിന തടവും 1,50,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവും, 10 റെഡ് വിത് 9(l) പ്രകാരം അഞ്ച് വർഷം കഠിന തടവും 50,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവും വിധിച്ചു. ഈ ശിക്ഷകൾ ഒന്നിച്ചനുഭവിച്ചാൽ മതി.
15 വയസ് പ്രായമുള്ള പെൺകുട്ടിയെ 2021 ഒക്ടോബർ മാസത്തിൽ ആദ്യത്തെ ആഴ്ചയിലെ ഒരു ദിവസം രാവിലെ എട്ട് മണിയോടെ പെൺകുട്ടി താമസിക്കുന്ന വീട്ടിലേക്ക് മാറ്റാരുമില്ലാത്ത സമയത്ത് പ്രതി വന്ന് ലൈംഗിക ഉദ്ദേശത്തോടുകൂടി കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയും, അതേവർഷം ക്രിസ്മസ് കഴിഞ്ഞുള്ള ഒരു ദിവസം രാവിലെ ഒമ്പത് മണിയോടെ കുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് പ്രതി വീട്ടിലെ കിടപ്പുമുറിയിലേക്ക് അതിക്രമിച്ച് കടന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് കേസ്.
ബേഡകം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. കേസിന്റെ ആദ്യാന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത് അന്നത്തെ ഇൻസ്പെക്ടർ ആയിരുന്ന ടി ദാമോദരനും അന്വേഷണം പൂർത്തീകരിച്ച് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ എസ്ഐ എം ഗംഗാധരനും ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക് പ്രത്യേക കോടതി പബ്ലിക് പ്രോസിക്യൂടർ എ ഗംഗാധരൻ ഹാജരായി.
#KeralaCrime #POCSOAct #JusticeForChildren #CourtVerdict #KeralaNews #CrimePunishment