Allegation | കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനമെന്ന് പരാതി; ഭർത്താവടക്കം 3 പേർക്കെതിരെ നരഹത്യാശ്രമത്തിന് കേസ്
● സംഭവം ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ
● 'കൂടുതൽ സ്വർണം, പണം ആവശ്യപ്പെട്ടു'
● പൊലീസ് അന്വേഷണം ആരംഭിച്ചു.
ബദിയഡുക്ക: (KasargodVartha) കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിൽ ബദിയഡുക്ക പൊലീസ് കേസെടുത്തു. ഭർത്താവടക്കം മൂന്ന് പേർക്കെതിരെയാണ് കേസ്.
കുമ്പഡാജെയിലെ ഇബ്രാഹിമിൻ്റെ മകൾ സാജിദ (24) യുടെ പരാതിയിലാണ് നടപടി. 2019 ഡിസംബർ 13ന് ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ കലന്തർ ശാഫിയെ വിവാഹം കഴിച്ച സാജിദ, വിവാഹത്തിന് ശേഷം കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് ഭർതൃവീട്ടിൽ നിന്ന് പീഡനം അനുഭവിക്കേണ്ടി വന്നുവെന്നാണ് പരാതി.
നവംബർ 16ന് ഭർത്താവിന്റെ അവിഹിതത്തെ ചോദ്യം ചെയ്തതിന് സാജിദയെ അടിവയറ്റിൽ ചവിട്ടി വീഴ്ത്തിയെന്നും കഴുത്തിലും പള്ളയിലും അമർത്തി പരിക്കേൽപ്പിച്ചെന്നും പരാതിയിലുണ്ട്. തുടർന്ന് നവംബർ 17ന് വൈകുന്നേരം രണ്ടും മൂന്നും പ്രതികൾ കൈകൊണ്ടു അടിക്കുകയും തുടർന്ന് ഭർത്താവ് ഷോളെടുത്ത് സാജിദയുടെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു.
സാജിദയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് കലന്തർ ശാഫിയടക്കം മൂന്ന് പേർക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്ത് ബദിയഡുക്ക പൊലീസ് അന്വേഷണം ആരംഭിച്ചു.
#DowryHarassment #KeralaCrime #DomesticViolence #WomenSafety #KeralaPolice #JusticeForVictim