Arrested | മലയോരത്ത് വീണ്ടും പൊലീസിന്റെ മയക്കുമരുന്ന് വേട്ട; കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി 2 യുവാക്കൾ അറസ്റ്റിൽ
വെള്ളരിക്കുണ്ട്: (www.kasargodvartha.com) കാറിൽ കടത്തുന്നതിനിടെ 0.080 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ ചിറ്റാരിക്കൽ പൊലീസ് പിടികൂടി. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ശരത്ത് (29), അജേഷ് (28) എന്നിവരെയാണ് ചിറ്റാരിക്കൽ ഇൻസ്‌പെക്ടർ രഞ്ജിത് രവീന്ദ്രൻ അറസ്റ്റ് ചെയ്‌തത്.
വ്യാഴാഴ്ച രാത്രി ഒന്നരമണിക്ക് മലയോര ഹൈവേയിലെ കാറ്റാം കവലയിൽ വച്ചാണ് ഇരുവരും പൊലീസ് പിടിയിലായത്. എംഡിഎംഎ കാറിൽ കണ്ണൂരിലെ ഒരു സ്വകാര്യ റിസോർടിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. മലയോര ഹൈവേയിൽ നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന ചിറ്റാരിക്കൽ ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രനും സംഘവും നടത്തിയ പരിശോധയിലാണ് കഴിഞ്ഞ കുറേ മാസങ്ങളായി പൊലീസ് നിരീക്ഷണത്തിലുള്ള ശരത്തും അജേഷും അറസ്റ്റിലായത്.
'ഇരുവരും എംഡിഎംഎ ഉപയോഗിക്കുന്നവരും ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്ന സംഘത്തിൽ പെട്ടവരുമാണ്. അജേഷും ശരത്തും എംഡിഎംഎ കടത്താൻ ഉപയോഗിച്ച കെഎൽ 14 ജെ 876 നമ്പർ ശവർലെറ്റ് കാറും കസ്റ്റഡിയിലെടുത്തു. എവിടെ നിന്നാണ് ഇവർക്ക് ഇത് ലഭിച്ചത് എന്നതിനെകുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. സംഭവത്തിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ കർശന നടപടി ഉണ്ടാകും', ചിറ്റാരിക്കൽ ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ പറഞ്ഞു. ഇരുവരെയും കോടതിയിൽ ഹാജരാക്കും.
വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിൽ രാജേഷിന്റെയും ശരത്തിന്റെയും പേരിൽ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.