Arrested | വധശ്രമം, കാപ നിയമ ലംഘനം അടക്കം നിരവധി കേസുകളിൽ പ്രതിയായ 2 യുവാക്കൾ അറസ്റ്റിൽ; 'കാപ നിലനിൽക്കെ വീണ്ടും വീട് കയറി കൊല്ലാൻ ശ്രമം'
മഞ്ചേശ്വരം: (KasargodVartha) വധശ്രമം, കാപ നിയമ ലംഘനം അടക്കം നിരവധി കേസുകളിൽ പ്രതിയായ രണ്ട് യുവാക്കളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കാപ നില നിൽക്കെ വീണ്ടും ഒരു യുവാവിനെ ചൊവ്വാഴ്ച രാത്രി വീട് കയറി കൊല്ലാൻ നോക്കിയെന്ന പരാതിക്ക് പിന്നാലെയാണ് സ്ഥലത്തെത്തിയ പൊലീസ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്.
ആയുധ നിയമം, വധശ്രമം തുടങ്ങി 10ലധികം കേസുകളിൽ പ്രതിയായ മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് അസ്‌കർ (26), മുഹമ്മദ് ഹുസൈൻ (29) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ അസ്‌കർ ഒരുതവണ കാപ ശിക്ഷ കഴിഞ്ഞതാണ്. രണ്ടാമത്തെ കാപയിൽ നിയമലംഘനവും നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് കടത്ത്, അടിപിടി തുടങ്ങി മൂന്ന് കേസുകളിൽ നിലവിൽ പ്രതിയാണ് ഹുസൈൻ.
ചൊവ്വാഴ്ചയുണ്ടായ സംഭവത്തിൽ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായ രണ്ടുപേരെയും ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഇൻസ്പെക്ടർ രാജീവ് കുമാർ, എസ്ഐ നിഖിൽ, എസ്ഐ സുമേഷ് രാജ്, സിവിൽ പൊലീസ് ഓഫീസർമാരായ പ്രശോഭ്, വിഷ്ണുപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.