9.96 കോടിയുടെ വ്യാജകറൻസി പിടികൂടിയ കേസില്‍ അറസ്റ്റിലായി 24 മണിക്കൂറിനകം ജാമ്യത്തിലിറങ്ങിയ പ്രതികള്‍ വീണ്ടും കുടുങ്ങി
* പരാതി നൽകിയത് വ്യാജകറൻസികൾ പിടികൂടിയ വാർത്തകൾ കണ്ട്
കാഞ്ഞങ്ങാട്: (KasargodVartha) 9.96 കോടിയുടെ വ്യാജകറൻസി പിടികൂടിയ കേസില്‍ അറസ്റ്റിലായി 24 മണിക്കൂറിനകം ജാമ്യത്തിലിറങ്ങിയ പ്രതികള്‍ വീണ്ടും കുടുങ്ങി. കറൻസി ഇരട്ടിപ്പിച്ച് നല്‍കാമെന്ന വാഗ്ദാനത്തില്‍ പ്രവാസിയില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് പ്രതികള്‍ ഇപ്പോള്‍ റിമാൻഡിലായത്. ബേക്കല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസക്കാരനും കര്‍ണാടക സ്വദേശിയുമായ സുലൈമാന്‍ (48), അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സി എച് അബ്ദുർ റസാഖ്(45) എന്നിവരാണ് പിടിയിലായത്.
മംഗ്ളുറു ബോജയ് - ടാറ്റാ ഷോറൂമിന് സമീപത്തെ അനന്തകൃപയില്‍ ജോസഫ് ഡിസൂസയുടെ മകന്‍ റോമറ്റ് ഡിസൂസയുടെ (64) പരാതിയിലാണ് വ്യാജകറൻസി കേസിലെ പ്രതികള്‍ അറസ്റ്റിലായത്. 2022 നവംബറില്‍ ഒന്നും രണ്ടും പ്രതികള്‍ നടത്തിവരുന്നതായി പറയുന്ന മുംബൈ ആസ്ഥാനമായുള്ള കംപനിയില്‍ 25 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ നാല് മാസംകൊണ്ട് ഒരു കോടി രൂപ ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
കംപനിയില്‍ സ്റ്റോര്‍ റൂമിലെ പണമാണെന്ന് പറഞ്ഞ് രണ്ടായിരം രൂപയുടെ നിരവധി നോട് കെട്ടുകള്‍ അടുക്കിവെച്ചതിന്റെ വീഡിയോകള്‍ ഫോണില്‍ കാണിച്ചാണ് പ്രതികള്‍ വിശ്വാസം പിടിച്ചുപറ്റിയതെന്നും പിന്നീട് വാങ്ങിയ പണമോ, ലാഭ വിഹിതമോ നല്‍കാതെ കബളിപ്പിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. പ്രതികള്‍ക്കെതിരെ ഐപിസി 1860 നിയമപ്രകാരം 420 വകുപ്പ് അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.
പ്രതികള്‍ ആവശ്യപ്പെട്ട പ്രകാരമാണ് പ്രതിയുടെ ബാങ്ക് അകൗണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ ആദ്യം നല്‍കിയതെന്നും പിന്നീട് അമ്പലത്തറയിലെ ഇവരുടെ കംപനി ഓഫീസാണെന്ന് പറഞ്ഞാണ് കള്ളകറൻസി പിടികൂടിയ വീട്ടില്‍ വെച്ച് ബാക്കി 20 ലക്ഷം രൂപ കൈമാറിയതെന്നും റോമറ്റ് ഡിസൂസ വ്യക്തമാക്കി.
പ്രതികള്‍ വാടകയ്ക്ക് എടുത്ത വീട്ടില്‍ നിന്നും അമ്പലത്തറ പൊലീസ് കോടികള്‍ പിടികൂടിയെന്ന മാധ്യമ വാര്‍ത്തകള്‍ കണ്ടാണ് റോമെറ്റ് ഡിസൂസ അമ്പലത്തറ പൊലീസിന് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് രണ്ട് പ്രതികളെയും പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. അമ്പലത്തറ എസ്ഐ കെ ലതീഷ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയാണ് പ്രതികളെ കോടതി റിമാൻഡ് ചെയ്തത്.