Police Booked | 17കാരിയെ ഗോവയിൽ കൊണ്ടുപോയും ആശുപത്രി മുറിയിലും പീഡിപ്പിച്ചതായി പരാതി; കാസർകോട്ടെ 2 പൊലീസ് സ്റ്റേഷനുകളിലായി 3 പോക്സോ കേസുകൾ
കാസര്‍കോട്: (KasargodVartha) 17കാരിയെ ഗോവയിൽ കൊണ്ടുപോയും ആശുപത്രി മുറിയിൽ വെച്ചും അടക്കം പലതവണ പീഡിപ്പിച്ചെന്ന പരാതിയിൽ ബദിയഡുക്ക, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനുകളിലായി രണ്ട് പേർക്കെതിരെ മൂന്ന് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. നേരത്തെ ഇതേ പെൺകുട്ടിയുടെ പരാതിയിൽ വനിത സെൽ 13 പോക്സോ കേസുകളെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ 19 വയസ് പൂർത്തിയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പുതിയ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
പെൺകുട്ടിയിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തുന്നതിനായി ബുധനാഴ്ച വൈകീട്ടോടെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയും കുടുംബവും ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സമയത്താണ് തങ്ങൾ എന്ന് വിളിക്കുന്നയാളും, ക്വാർടേഴ്‌സ് ഉടമയായ മുസ്ത്വഫ എന്നയാളും പീഡിപ്പിച്ചതെന്നാണ് കേസ്.
2022 ഏപ്രില്‍ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തങ്ങൾ എന്ന് വിളിക്കുന്നയാളുടെ ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്വാര്‍ടേഴ്‌സിലേക്ക് മുസ്ത്വഫ കൂട്ടിക്കൊണ്ടുപോവുകയും ഇവിടെ വെച്ച് തങ്ങൾ എന്നുപറയുന്നയാൾ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും പീഡനം തടഞ്ഞപ്പോള്‍ തന്റെ മുഖത്തടിച്ചുവെന്നും പെൺകുട്ടി നൽകിയ പരാതിയില്‍ പറയുന്നുണ്ട്. ഇതേദിവസം കാറില്‍ കയറ്റി മംഗ്‌ളൂറിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.
പിന്നീട് മുസ്ത്വഫ കാറിൽ കയറ്റി ഗോവയിലേക്ക് കൊണ്ടുപോവുകയും യാത്രയ്ക്കിടയിൽ കാറിലും ഗോവയിൽ താമസിച്ച മുറിയിലും പീഡനത്തിനിരക്കിയെന്നും മൊഴിയിലുണ്ട്. തിരികെ കാസർകോട്ടെത്തിയപ്പോൾ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇവിടെ വെച്ചും ഉപദ്രവിച്ചുവെന്നുമാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് ബദിയഡുക്ക, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.