Arrested | സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക സഹകരണ സംഘത്തിൽ നിന്നും കോടികൾ തട്ടിയെന്ന കേസിൽ മുഖ്യപ്രതിയും കൂട്ടാളിയും പിടിയില്‍
മൊബൈല്‍ ഫോണ്‍ ലൊകേഷന്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.
കാസര്‍കോട്: (KasaragodVartha) സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികള്‍ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണ സംഘത്തില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ മുഖ്യപ്രതിയും സംഘം സെക്രടറിയുമായ മുൻ സിപിഎം ലോകൽ കമിറ്റി അംഗം രതീഷും (38), കൂട്ടാളി കണ്ണൂര്‍ സ്വദേശിയും പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനുമായ ജബ്ബാറും (42) അറസ്റ്റിൽ.
തമിഴ്നാട്ടിലെ നാമക്കല്ലില്‍ വെച്ചാണ് ഇവർ പിടിയിലായത്. ബേക്കല്‍ ഡിവൈഎസ്പി ജയന്‍ ഡൊമനിക്കിന്റെ മേൽനോട്ടത്തിൽ ആദൂര്‍ എസ്ഐ അനുരൂപും സംഘവുമാണ് ഇരുവരെയും പിടികൂടിയത്. മൊബൈല്‍ ഫോണ്‍ ലൊകേഷന്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.
തട്ടിപ്പ് പുറത്ത് വന്ന് രണ്ടാഴ്ചയ്ക്ക് ശേഷം ഒളിവില്‍ പോയ പ്രതികൾ ബെംഗ്ളൂരു, ഷിമോഗ, ഹസന്‍ എന്നിവിടങ്ങളില്‍ ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെ പൊലീസ് പിന്തുടര്‍ന്നതോടെയാണ് ചെന്നൈയിലേക്ക് രക്ഷപ്പെട്ടത്. അവിടെ നിന്നും നാമക്കല്ലില്‍ എത്തുകയായിരുന്നു.
കേസ് ലോകൽ പൊലീസിൽ നിന്നും ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ചിന് കേസിലെ മുഖ്യപ്രതികളെ കണ്ടെത്താന്‍ കഴിയാതെവന്നതോടെ പ്രതികളെ പിടികൂടുന്നതിന് സഹായിക്കാൻ ബേക്കൽ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ കൂടി ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തുകയായിരുന്നു.
മുഖ്യ പ്രതി അറസ്റ്റിലായതോടെ കോടികൾ തട്ടിയ കേസിൽ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെ കാര്യം ഉൾപ്പെടെ പുറത്ത് വരും. തട്ടിപ്പ് നടത്തിയ കോടികൾ എന്തു ചെയ്തുവെന്നത് അടക്കമുള്ള കാര്യങ്ങളും പുറത്ത് വരും.
റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് വേണ്ടിയാണ് പണം ഒഴുക്കിയതെന്ന് നേരത്തേ വ്യക്തമായിരുന്നു. മുഖ്യ പ്രതി സംഘത്തിൽ നിന്നും കവർന്ന സ്വർണം ലക്ഷകണക്കിന് രൂപയ്ക്ക് പണയം വെച്ചതായി കണ്ടെത്തി പള്ളിക്കര പഞ്ചായത് മെമ്പർ ഉൾപ്പെടെ മൂന്ന് പേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.