Assault | വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച 16 കാരി ഗർഭിണി; സിപിഎം നേതാവായ മുൻ പഞ്ചായത് അംഗവും 55കാരനും പിടിയിൽ
● അപ്രത്യക്ഷയായ പെൺകുട്ടിയെ ബന്ധു വീട്ടിൽ നിന്നും കണ്ടെത്തി.
● അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
● പൊലീസ് രണ്ട് പേർക്കെതിരെയും പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
കാഞ്ഞങ്ങാട്: (KasargodVartha) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ സിപിഎം പ്രാദേശിക നേതാവായ മുൻ പഞ്ചായത് മെമ്പർക്കും 55 കാരനുമെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. 55 കാരനെ വെള്ളിയാഴ്ച വൈകീട്ടോടെ തന്നെ പൊലീസ് പിടികൂടിയിരുന്നു. സിപിഎം നേതാവിനെ ശനിയാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ 16 കാരിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചത്. മാതാപിതാക്കളും പീഡന കേസിൽ കസ്റ്റഡിയിലുള്ള 55 കാരനും ചേർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുവന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാന്നെന്ന് തെളിഞ്ഞത്.
ഇതിന് പിന്നാലെ പെൺകുട്ടി ആശുപത്രിയിൽ നിന്നും അപ്രത്യക്ഷമായി. പരിഭ്രാന്തരായ മാതാപിതാക്കൾ ഉടൻ ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ മിസിംഗ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ വൈകീട്ടോടെ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബന്ധുവീട്ടിൽ നിന്നും പൊലീസ് കണ്ടെത്തി.
പെൺകുട്ടിയിൽ നിന്നും മൊഴിയെടുത്തതോടെയാണ് ആശുപത്രിയിൽ മാതാപിതാക്കൾക്കൊപ്പം കൂടെ വന്ന 55 കാരനും സിപിഎം നേതാവുമാണ് തന്നെ പീഡിപ്പിച്ചതെന്ന് വെളിപ്പെടുത്തിയത്. 55 കാരൻ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു വന്നിരുന്നുവെന്നും സിപിഎം നേതാവ് ഒരു തവണ പീഡിപ്പിച്ചതായുമാണ് വിവരം പുറത്ത് വന്നിരിക്കുന്നത്. ഇതോടെ കേസ് ഹൊസ്ദുർഗ് പൊലീസ് അമ്പലത്തറ പൊലീസിന് കൈമാറുകയും ശനിയാഴ്ച രണ്ട് പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
#KasargodNews #KeralaNews #CrimeAgainstWomen #ChildAbuse #JusticeForHer