Bank Robbery | 'കർണാടകയിലെ ബാങ്കിനെ പറ്റിച്ച് മലയാളികളടക്കം 13 പേർ തട്ടിയത് 35 ലക്ഷം രൂപ'
● തട്ടിപ്പിന്റെ സൂത്രധാരൻ എറണാകുളം സ്വദേശിയായ മുഹമ്മദ് കുഞ്ഞിയാണെന്ന് പൊലീസ് കണ്ടെത്തി.
● സ്വർണപ്പണിക്കാരനായ പ്രദീപിനെ മറ്റു പ്രതികൾക്ക് പരിചയപ്പെടുത്തുന്നത് മുഹമ്മദ് കുഞ്ഞിയാണ്.
● സഹകരണ ബാങ്കുകളിലാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലായി നടക്കുന്നത് എന്നും പൊലീസ് കണ്ടെത്തി.
മംഗ്ളുറു: (KasargodVartha) കർണാടകയിലെ കുടക് ജില്ലാ സഹകരണ ബാങ്കിന്റെ വിവിധ ശാഖകളിൽ മുക്കുപണ്ടം പണയം വെച്ച് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മലയാളികളടക്കം 12 പേരടങ്ങുന്ന സംഘം മടിക്കേരി പൊലീസിന്റെ പിടിയിലായതിന് പിന്നാലെ പുറത്തുവന്നത് വലിയൊരു തട്ടിപ്പ്. കഴിഞ്ഞ ആഴ്ചയാണ് മടിക്കേരി, ബാഗമണ്ഡല, വിരാജ്പേട്ട് ശാഖകളിൽ നിന്നായി 652 ഗ്രാം മുക്കുപണ്ടം പണയം വെച്ച് പ്രതികൾ പണം തട്ടിയത്. ഈ തട്ടിപ്പിന്റെ സൂത്രധാരൻ എറണാകുളം സ്വദേശിയായ മുഹമ്മദ് കുഞ്ഞിയാണെന്ന് പൊലീസ് കണ്ടെത്തി.
എറണാകുളം സ്വദേശികളായ മുഹമ്മദ് കുഞ്ഞി (48), പ്രദീപ് (60), കെ എ നിഷാദ് (43), മലപ്പുറം സ്വദേശി കെ പി നവാസ് (47), കർണാടക സ്വദേശികളായ മുഹമ്മദ് റിസ്‌വാൻ (35), പി എച്ച് റിസ്‌വാൻ (35), അബ്‌ദുൽ നസീർ (50), മൂസ (37), മുഹമ്മദ് ഹനീഫ് (42), ഖദീജ (32), റഫീഖ് (38), ഫർഹാൻ (33) എന്നിവരാണ് അറസ്റ്റിലായത്. ഹംസ എന്ന ഒരാളെക്കൂടി പിടികൂടാനുണ്ട്. മടിക്കേരി ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
പൊലീസ് സൂപ്രണ്ട് കെ രാമരാജൻ നൽകിയ വിവരങ്ങൾ അനുസരിച്ച്, സ്വർണപ്പണിക്കാരനായ പ്രദീപിനെ മറ്റു പ്രതികൾക്ക് പരിചയപ്പെടുത്തുന്നത് മുഹമ്മദ് കുഞ്ഞിയാണ്. പ്രദീപ് ചെമ്പിൽ സ്വർണം പൂശിയാണ് മുക്കുപണ്ടം നിർമിച്ചിരുന്നത്. മറ്റു ബാങ്കുകളെ അപേക്ഷിച്ച് ഒരു ഗ്രാം സ്വർണത്തിന് കൂടുതൽ വായ്പ നൽകുന്നതിനാലാണ് പ്രതികൾ ഡിസിസി ബാങ്കിനെ ലക്ഷ്യമിട്ടത്. സഹകരണ ബാങ്കുകളിലാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലായി നടക്കുന്നത് എന്നും പൊലീസ് കണ്ടെത്തി.
ജില്ലയിലെ എമ്മേമാട് വില്ലേജിൽ താമസിക്കുന്ന മൂസയാണ് മടിക്കേരി ഡിസിസി ബാങ്കിൽ ആദ്യമായി മുക്കുപണ്ടം പണയം വെച്ചത്. ഇതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭാഗമണ്ഡല, വിരാജ്പേട്ട എന്നിവിടങ്ങളിലെ ബാങ്കുകളിലും സമാനമായ തട്ടിപ്പ് നടന്നതായി കണ്ടെത്തുകയായിരുന്നു.
പ്രതികൾ സംഘടിത കുറ്റകൃത്യമാണ് നടത്തിയതെന്ന് പൊലീസ് പറയുന്നു. 223 ഗ്രാം സ്വർണം പൂശിയ വളകളും രണ്ട് ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ ബിഎൻഎസ് 111 പ്രകാരം സംഘടിത കുറ്റകൃത്യ വിഭാഗത്തിന് കീഴിലാണ് കേസെടുത്തിരിക്കുന്നത്. പ്രതികൾക്ക് മറ്റു പല കേസുകളിലും പങ്കുണ്ടെന്നും സംസ്ഥാനത്തുടനീളം ഇവർ സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു. ഈ കേസിൽ ഇനിയും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
#BankRobbery, #Karnataka, #Malayalis, #Crime, #PoliceInvestigation, #35Lakhs