Seized | ഉള്ളിച്ചാക്കുകള്‍ക്കുള്ളിൽ നിരോധിത പാൻമസാല; മംഗ്‌ളൂറില്‍ നിന്നും ലോറിയില്‍ കടത്തിയ 1221.5 കിലോ പുകയില ഉത്പന്നങ്ങള്‍ പിടികൂടി; ഒരാള്‍ അറസ്റ്റില്‍
പട്രോളിങിന്റെ ഭാഗമായാണ് ലോറി തടഞ്ഞ് പരിശോധിച്ചത്
കുമ്പള: (KasaragodVartha) മംഗ്‌ളൂറില്‍ നിന്നും ലോറിയില്‍ കടത്തുകയായിരുന്ന 1221.5 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് കുമ്പള ജൻക്ഷനില്‍ വെച്ച് കെ എല്‍ രണ്ട് ബി എച് 6429 നമ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന പാന്‍മസാലകള്‍ പിടികൂടിയത്. ലോറി ഡ്രൈവറായ തിരുവനന്തപുരം സ്വദേശി മുഹമ്മദ് അന്‍വറിനെ (33) അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം ജില്ലയിലെ സ്‌കൂള്‍ പരിസരത്തും കടകളിലും വില്‍ക്കുന്നതിനായാണ് പുകയില ഉല്‍പന്നങ്ങള്‍ കടത്തിക്കൊണ്ടുവന്നതെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. കുമ്പള എസ്‌ഐ ടി എം വിബിന്റെ നേതൃത്വത്തിലാണ് പട്രോളിങിന്റെ ഭാഗമായി ദേശീയപാതിയില്‍ ലോറി തടഞ്ഞ് പരിശോധിച്ചത്. ഉള്ളിച്ചാക്കുകള്‍ അടുക്കിവെച്ച് അതിനകത്ത് പാന്‍മസാലകള്‍ കടത്തിക്കൊണ്ടുപോകുകയായിരുന്നു. പ്രതിയെ പിന്നീട് നോടീസ് നല്‍കി വിട്ടയച്ചു.