Robbery | ഒരു മാസത്തിനിടെ കുമ്പള, മഞ്ചേശ്വരം, ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്നത് 11 കവര്‍ച്ച; എടിഎമില്‍ നിറക്കാന്‍ കൊണ്ടുവന്ന 50 ലക്ഷം രൂപ കവര്‍ന്നിട്ടും ഒരു പ്രതിയെ പോലും പിടികൂടാനായില്ല
* ഒരു സംഘം തന്നെ ജില്ലയുടെ പല ഭാഗത്തും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്
ഉപ്പള: (KasaragodVartha) ഒരു മാസത്തിനിടെ കുമ്പള, മഞ്ചേശ്വരം, ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്നത് 11 കവര്‍ച്ചകള്‍. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളുടെ ചിത്രങ്ങള്‍ അടക്കം കിട്ടിയിട്ടും ഒരാളെപ്പോലും പിടികൂടാന്‍ കഴിയാത്തത് ജനരോഷത്തിന് കാരണമായിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ ഏഴിന് ഉപ്പളയിലെ ആക്‌സിസ് ബാങ്കിന്റെ എടിഎം കൗണ്ടറില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന 50 ലക്ഷം രൂപയടങ്ങുന്ന പെട്ടി വാഹനത്തിന്റെ ചില്ലുപൊളിച്ച് കൊണ്ടുപോയത് പട്ടാപകല്‍ ആണ്. ഈ കേസില്‍ തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശികളായ വന്‍കവര്‍ച്ചാ സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ഒരു മാസത്തേളമായിട്ടും പൊലീസിന് ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
ഇതിന് പിന്നാലെ ബദിയടുക്കയില്‍ ഒരു ദിവസം തന്നെ മൂന്ന് വീടുകളില്‍ കവര്‍ച്ച നടന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഉപ്പള, കുമ്പള, ബംബ്രാണ, ആരിക്കാടി തുടങ്ങി നിരവധി സ്ഥലങ്ങളിലും കവര്‍ച്ച നടന്നിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം ഉപ്പള മജലിലെ കപ്പല്‍ ജീവനക്കാരനായ റഫീഖിന്റെ വീട്ടിലും കവര്‍ച്ച നടന്നു. ആറു പവന്‍ സ്വര്‍ണവും 75000 രൂപയുമാണ് ഈ വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടത്. റഫീഖും കുടുംബവും ഉംറ നിര്‍വഹിക്കാന്‍ സഊദി അറേബ്യയിലേക്ക് പോയസമയത്താണ് കവര്‍ച്ച നടന്നത്.
കമ്പിപ്പാര ഉപയോഗിച്ച് മുന്‍വശത്തെ വാതില്‍ തകര്‍ത്ത ശേഷമാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവുമാണ് കവര്‍ന്നത്. വീട്ടിലെ സിസിടിവി കാമറയുടെ ഹാര്‍ഡ് ഡിസ്‌ക് പൊളിച്ചു കടത്തിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. ബദിയഡുക്ക ഷേടിക്കാനയിലെ മുഹമ്മദ് ശാഫിയുടെ വീട് കുത്തിതുറന്ന് 15 പവന്‍ സ്വര്‍ണവും കവറുകയുണ്ടായി. സമീപത്തെ മറ്റ് രണ്ട് പ്രവാസികളായ മുഹമ്മദ് കലന്തര്‍, അബ്ദുള്‍ ഖാദര്‍ എന്നിവരുടെ വീടുകളിലും വാതില്‍ കുത്തിത്തുറന്ന് കവര്‍ച്ച ശ്രമവും നടത്തിയിരുന്നു.
കവര്‍ച്ച പെരുകിയതോടെ ജനങ്ങള്‍ വലിയ ഭീതിയിലാണ് കഴിയുന്നത്. രാത്രി കാല പരിശോധന പൊലീസ് പേരിന് മാത്രമാണ് നടത്തുന്നതെന്നാണ് ആക്ഷേപം. കൃത്യമായ വിവരങ്ങള്‍ അറിയുന്നവരാണ് ഓരോ വീട്ടിലേയും കവര്‍ച്ചയ്ക്ക് പിന്നിലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ആളില്ലാ വീടുകള്‍ കണ്ടെത്തി കവര്‍ച്ച നടത്തുന്നതിന് വലിയ ഒരു സംഘം തന്നെ ജില്ലയുടെ പല ഭാഗത്തും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളുടെ രേഖാചിതങ്ങള്‍ പോലും ഉണ്ടാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.