'സ്വര്‍ണ വ്യാപാരത്തില്‍ ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നു'
Mar 15, 2013, 17:23 IST
ലോക ഉപഭോക്തൃദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല സെമിനാര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറം പ്രസിഡന്റ് കെ.ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്യുന്നു. |
കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വര്‍ണാഭരണ വിപണിയില്‍ ഉപഭോക്താക്കളെ വഞ്ചിക്കുന്നത് പല വിധത്തിലാണ്. പല ജ്വല്ലറികളിലും കിട്ടുന്ന ആഭരണങ്ങള്‍ ഒരേ സ്ഥലത്ത് നിര്‍മിക്കുന്നവയാണ്. സ്വന്തമായി ആഭരണ നിര്‍മാണശാലകളുളള ജ്വല്ലറികള്‍ അപൂര്‍വമാണ്.
ആഭരണത്തിന്റെ പുറംമോടി മാത്രമാണ് കാരറ്റ് അനലൈസര്‍ വഴി അറിയുന്നത്. സ്വര്‍ണം, മൊബൈല്‍ഫോണ്‍, ഗാര്‍ഹികോപകരണം തുടങ്ങിയ മേഖലകളിലാണ് ചൂഷണം വര്‍ധിക്കുന്നതായി പരാതി ലഭിക്കുന്നത്. സ്വര്‍ണത്തിന്റെ ഗുണമേന്‍മ സ്വര്‍ണ പരിശോധന ലാബോറട്ടറികളില്‍ മാത്രമേ പരിശോധിച്ച് അറിയാന്‍ കഴിയൂ. എന്നാല്‍ സ്വര്‍ണ വ്യാപാരസ്ഥാപനങ്ങള്‍ പരസ്യങ്ങളിലൂടെ നിരന്തരം ഉപഭോക്താക്കളെ കബളിപ്പിക്കുകയാണ്.
സേവന രംഗത്തും ചൂഷണം വര്‍ധിക്കുന്നു. ചില ഇന്‍ഷൂറന്‍സ് കമ്പനികളും ഓഹരി ഇടപാടുകാരും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളിലും സേവനം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നുണ്ട്. ഉണര്‍ന്നിരിക്കുന്നവര്‍ക്കേ നിയമങ്ങളുടെ സഹായം ലഭിക്കൂ. അതിനാല്‍ ഉപഭോക്താക്കള്‍ ജാഗരൂകരാകണം. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി വികസിത രാജ്യങ്ങളുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കുന്ന ചന്തയായി മാറിയതോടെ രാജ്യത്ത് ഉപഭോക്തൃ ചൂഷണം വര്‍ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു
കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല അധ്യക്ഷത വഹിച്ചു. മുന്‍ ആര്‍.ഡി.ഒ. ഇ.ചന്ദ്രശേഖരന്‍ നായര്‍, മുന്‍ ഉത്തരമേഖലാ റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഡി.ഹരീശന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എന്‍.എം.സുബൈര്‍ എന്നിവര്‍ സംസാരിച്ചു. ഉപഭോക്തൃ നിയമങ്ങളും ഉപഭോക്താക്കളും എന്ന വിഷയത്തില്‍ കാസര്‍കോട് ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം മെമ്പര്‍ കെ.ജി.ബീന, ത്രിവേണി കെ.അഡിഗ എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ സപ്ലൈ ഓഫീസര്‍ വി.എ.മോഹനന്‍ സ്വാഗതവും താലൂക്ക് സപ്ലൈ ഓഫീസര്‍ എം.വി.രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Keywords: Gold, Merchant, Sale, Cheating, People, K.T.Siddiq, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.