ചൂട് കൂടുന്നു: പഴം വിപണിയിൽ ഇനി 'തണ്ണീർ മത്തൻ' ദിനങ്ങൾ
● കിലോയ്ക്ക് 24 രൂപയിൽ നിന്ന് വില 30 രൂപയായി കുതിച്ചുയർന്നു.
● തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും തണ്ണീർ മത്തൻ എത്തുന്നത്.
● റംസാൻ മാസം വരാനിരിക്കുന്നത് പഴവർഗ്ഗങ്ങളുടെ വില വീണ്ടും വർദ്ധിപ്പിക്കാൻ കാരണമാകും.
● അന്യസംസ്ഥാന ലോബികൾ വില നിയന്ത്രിക്കുന്നത് കർഷകർക്കും ഉപഭോക്താക്കൾക്കും തിരിച്ചടിയാകുന്നു.
● ചില്ലറ വ്യാപാരികൾ കിലോയ്ക്ക് അഞ്ച് രൂപയോളം ലാഭം ചേർത്താണ് വിൽക്കുന്നത്.
കാസർകോട്: (KasargodVartha) തട്ടുകടകളിലെ ബത്തക്ക സർബത്തുകൾക്ക് പിന്നാലെ ഇനി പഴം വിപണിയിൽ ഏറെ വിറ്റഴിയുക തണ്ണീർ മത്തനുകളാകും. ധനു മാസം അവസാനിച്ച് മകരമാസത്തിലേക്ക് കടക്കുമ്പോൾ പൊതുവെ തണുത്ത കാലാവസ്ഥയാണ് ഉണ്ടാകാറുള്ളതെങ്കിലും, ഇത്തവണ കാലാവസ്ഥയിൽ വന്ന വ്യതിയാനവും തുലാം, വൃശ്ചിക മാസങ്ങളിൽ മഴ ലഭിക്കാതെ പോയതും കാരണം മുൻപത്തെ കണക്കുകൂട്ടലുകളെല്ലാം മാറിമറിഞ്ഞു.
രാവിലെ പത്ത് മണി വരെ നേരിയ തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിലും 11 മണിയോടെ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇതോടെ ജനങ്ങൾക്ക്, പ്രത്യേകിച്ച് കാൽനടയാത്രക്കാർക്ക് ദാഹം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
ഇനി തെരുവോരങ്ങളിലൊക്കെ തണ്ണീർ മത്തൻ ദിനങ്ങളാണ് വരാനിരിക്കുന്നത്. അതിന്റെ ലക്ഷണങ്ങൾ വിപണിയിൽ കണ്ടുതുടങ്ങിയിട്ടുമുണ്ട്. റംസാൻ വിപണി കൂടി വരാനിരിക്കെ വിലയിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. കഴിഞ്ഞ ആഴ്ച വരെ കിലോയ്ക്ക് 24 രൂപയ്ക്ക് വിറ്റിരുന്ന തണ്ണീർ മത്തന് ഇന്നത്തെ വില 30 രൂപയാണ്. വില ഇനിയും കൂടാനാണ് സാധ്യതയെന്ന് ചില്ലറ വിൽപ്പനക്കാർ പറയുന്നു.
അവശ്യസാധനങ്ങൾക്കും പഴം, പച്ചക്കറികൾക്കും എന്നും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കേരളത്തിന്, ഇനി മൊത്തക്കച്ചവടക്കാർ പറയുന്നതാണ് വില. ഇതിനായി മൊത്തവിൽപ്പനക്കാർ വില കൂട്ടാൻ തക്കം പാർത്ത് നിൽക്കുകയാണ്.
തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുമാണ് കേരളത്തിലേക്ക് യഥേഷ്ടം തണ്ണീർ മത്തൻ എത്തുന്നത്. അതിൽ അഞ്ച് രൂപയോളം ലാഭം കൂട്ടിയാണ് ചില്ലറ വ്യാപാരികൾ വിൽക്കുന്നത്. ക്രിസ്മസ്, പുതുവത്സര സമയത്ത് കോഴിക്കാണ് വില കൂട്ടിയതെങ്കിൽ ശബരിമല സീസണിൽ പച്ചക്കറി വില വാനോളം ഉയർത്തിയിരുന്നു. ഇനി റംസാൻ വിപണി ലക്ഷ്യം വെച്ച് പഴവർഗങ്ങൾക്കായിരിക്കും മൊത്തക്കച്ചവടക്കാർ വില വർദ്ധിപ്പിക്കുക.
ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: Watermelon prices rise in Kerala as summer-like heat increases demand across the state.
#WatermelonPrice #KeralaHeat #MarketUpdate #KasargodNews #SummerVibes #PriceHike






